പട്ടിക്കാട് (തൃശ്ശൂർ): ഈയടുത്ത ദിവസം ഒന്നിച്ച് ഓണമാഘോഷിച്ചവർ... ഒന്നിച്ച് സിനിമ കണ്ടവർ... ഒരൊറ്റ രാത്രിയിൽ ഇവർക്കിടയിലെന്തുണ്ടായി? ഉത്തരംകിട്ടാതെ ഉഴലുകയാണ് മൂന്ന് കുടുംബങ്ങൾ. അമേരിക്കയിൽ കാലിഫോർണിയയിലെ മിൽപിറ്റാസിൽ മലയാളിയുവതി സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികളെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും അവർ ഇനിയും മുക്തരായിട്ടില്ല.
മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതിമാരുടെ മകൾ അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയും കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ ഭാര്യയുമായ ആൻ മേരി മാത്യു (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ സ്വദേശി മാറാമറ്റം വീട്ടിൽ അനിലയാണ് ദാരുണമായ കൊലപാതകങ്ങൾ നടത്തിയത്. കൊല്ലപ്പെട്ട ആനും അഞ്ജനയും കസ്റ്റഡിയിലായ അനിലയും ഉറ്റസുഹൃത്തുക്കളാണ്. ഒരു അപ്പാർട്ട്‌മെന്റിലെ വിവിധ ഫ്‌ലാറ്റുകളിലാണ് മൂവരുടെയും കുടുംബങ്ങൾ താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഓണാഘോഷത്തിന് ഇവർ ഒത്തുകൂടിയിരുന്നു. അന്നു മൂന്നുപേരും ഒരുമിച്ചെടുത്ത ചിത്രങ്ങൾ വീടുകളിലേക്ക് അയച്ചുകൊടുത്തിരുന്നു.
ഇവർക്കിടയിലെന്താണ് സംഭവിച്ചതെന്ന് വീട്ടുകാർക്കും ധാരണയില്ല. 2023-ൽ ആണ് അഞ്ജനയും കുടുംബവും അവസാനമായി നാട്ടിൽ വന്നത്. അഞ്ജനയുടെ ദാരുണമായ അന്ത്യം വിശ്വസിക്കാനാകാതെ വിതുമ്പുകയാണ് നാട്. വിലങ്ങന്നൂർ സ്വദേശി വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. എൻജിനീയറിങ് ബിരുദധാരിയാണ് അഞ്ജന.വിവാഹശേഷം, സോഫ്റ്റ്‌വെയർ എൻജിനീയറായ വിജേഷിനോടൊപ്പമാണ് അഞ്ജന കാലിഫോർണിയയിലേക്ക് പോയത്. കഴിഞ്ഞ ആറുവർഷമായി അവിടെയാണ് താമസം. അവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിയും ചെയ്തിരുന്നു അഞ്ജന.
അതേസമയം, കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യുവിന്റെ വീട്ടിൽ തിങ്കളാഴ്ച രാവിലെയോടെ പോലീസ് എത്തി വിവരങ്ങൾ ശേഖരിച്ചു. കേശവദാസപുരത്തെ വീട്ടിൽ പിതാവ് മത്തായി മാത്രമാണുളളത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വാർഡ് കൗൺസിലർ ത്രേസ്യാമാ തോമസ് അറിയിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ് അഞ്ജനയുടെ വീട് സന്ദർശിച്ച് രക്ഷിതാക്കളെ ആശ്വസിപ്പിച്ചു. വിഷയം മുഖ്യമന്ത്രി വി.ഡി. സതീശന്റെയും കെ.സി. വേണുഗോപാൽ എം.പി.യുടെയും മന്ത്രി ഒ.ജെ. ജനീഷിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നോർക്കയുമായി ബന്ധപ്പെട്ട് മൃതദേഹം വിട്ടുകിട്ടാനുള്ള പ്രവർത്തനങ്ങൾ എത്രയും വേഗത്തിലാക്കാമെന്ന് കെ.സി. വേണുഗോപാൽ എം.പി. ഉറപ്പുനൽകി. ഡി.സി.സി. അംഗങ്ങളായ സജീവൻ കുരിയച്ചിറ, സിജോ കടവിൽ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
LIVE