Select Location
All Locations
State
Region
City / District
ഇസ്ലാം മതം വളരെ മഹത്തായതും ഉയർന്ന മാനുഷിക മൂല്യങ്ങളുള്ളതുമായ ഒരു മതമാണെന്നാണ് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് റായറെഡ്ഡി വിശേഷിപ്പിച്ചത്

ഇസ്ലാം മറ്റു മതങ്ങളെക്കാൾ ശ്രേഷ്ഠമാണെന്ന് കർണാടക മന്ത്രി; ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്ന് ബി.ജെ.പി

ഇസ്ലാം മതം മറ്റ് മതങ്ങളേക്കാൾ മികച്ചതാണെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് റായറെഡ്ഡിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹം ഒന്നുകിൽ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലെങ്കിൽ രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി രംഗത്ത്. കൊപ്പൽ ജില്ലയിലെ കുക്നൂർ ടൗണിൽ സംസാരിക്കവെ, ഇസ്ലാം മതം വളരെ മഹത്തായതും ഉയർന്ന മാനുഷിക മൂല്യങ്ങളുള്ളതുമായ ഒരു മതമാണെന്നാണ് റായറെഡ്ഡി വിശേഷിപ്പിച്ചത്. ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മതം എന്നും ആളുകളെ ജീവിക്കാൻ പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്ലാമിനെക്കുറിച്ച് ഒന്നും അറിയാത്തവരാണ് അതിനെക്കുറിച്ച് തെറ്റായ ധാരണകളും അഭിപ്രായങ്ങളും രൂപീകരിക്കുന്നത്. മാനവികതയോടെയാണ് ഇസ്ലാം ആരംഭിക്കുന്നത് എന്നതിനാൽ അത് മറ്റ് എല്ലാ മതങ്ങളെക്കാളും മികച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. ഖുർആനെക്കുറിച്ചോ അബ്രഹാമിക മതങ്ങളെക്കുറിച്ചോ താൻ ആഴത്തിൽ പഠിച്ചിട്ടില്ലെന്നും, ക്ഷേത്രങ്ങളോ മഠങ്ങളോ പതിവായി സന്ദർശിക്കാറില്ലെങ്കിലും താൻ മതങ്ങളെയും വിവിധ ചരിത്രങ്ങളെയും കുറിച്ച് പഠിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് താൻ അബ്രഹാമിക മതങ്ങളെ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ ഈ പരാമർശങ്ങൾ ഹിന്ദുമതത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കർണാടക ബി.ജെ.പി അധ്യക്ഷൻ ആർ. അശോക മുഖ്യമന്ത്രിയോട് ഉടൻ തന്നെ മറുപടി ആവശ്യപ്പെട്ടു. ഡി.കെ. ശിവകുമാറിന്റെ പതിവായ ക്ഷേത്ര സന്ദർശനങ്ങളെയും അദ്ദേഹം ഇതിനിടയിൽ പരാമർശിച്ചു. നിങ്ങളുടെ കോൺഗ്രസ് സർക്കാരിന്റെ ഈ ഹിന്ദുവിരുദ്ധ മനോഭാവത്തിന് അവസാനമില്ലേ എന്ന് ഡി.കെ. ശിവകുമാറിനോട് ചോദിച്ച അദ്ദേഹം, നേരം പുലരുമ്പോൾ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതായും ക്യാമറകൾക്ക് മുന്നിൽ ഭക്തി പ്രകടിപ്പിക്കുന്നതായും നാടകം കളിക്കുന്ന നിങ്ങൾ, നിങ്ങളുടെ മന്ത്രിസഭയിലെ ഒരു മന്ത്രി സനാതന ഹിന്ദു ധർമ്മത്തെയും ക്ഷേത്രങ്ങളെയും കുറിച്ച് അപകീർത്തികരമായ പ്രസ്താവനകൾ നടത്തുമ്പോൾ മാത്രം എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്നും എക്സിൽ എഴുതി.


News18Kerala 1 hour ago
Home Flash News