Select Location
All Locations
State
Region
City / District
ആദ്യം ബാറ്റ് ചെയ്ത സെയ്‌ലേഴ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 126 റൺസെടുത്തത്

KCL സീസൺ 3| സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു; പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി ട്രിവാൺഡ്രം റോയൽസ്

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ തോൽപിച്ച് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്. ഏഴ് വിക്കറ്റിനായിരുന്നു റോയൽസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സെയ്‌ലേഴ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 126 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസ് 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വിഷ്ണു വിനോദാണ് പ്ലെയർ ഓഫ് ദി മാച്ച്. ഏരീസ് കൊല്ലം സെയിലേഴ്സ് - 20 ഓവറിൽ 126/7, ട്രിവാൺഡ്രം റോയൽസ് 17.1 ഓവറിൽ 127/
മുൻനിര ബാറ്റർമാരുടെ സമ്പൂർണ്ണ പരാജയമാണ് മത്സരത്തിൽ സെയ്‌ലേഴ്‌സിന് തിരിച്ചടിയായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സെയ്‌ലേഴ്‌സിന് ആദ്യ ഓവറിൽ തന്നെ അരുൺ പൗലോസിന്റെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ ക്യാപ്റ്റൻ വത്സൽ ഗോവിന്ദും ഫോമിലുള്ള അഭിഷേക് ജെ നായരും കൂടി മടങ്ങിയതോടെ സെയ്‌ലേഴ്‌സ് തുടക്കത്തിൽ തന്നെ പ്രതിരോധത്തിലായി. വത്സൽ ഗോവിന്ദ് ഒൻപതും അഭിഷേക് നായർ 11-ഉം റൺസെടുത്തു. തുടർന്നെത്തിയ ആനന്ദ് കൃഷ്ണനും (10) പിടിച്ചുനിൽക്കാനായില്ല.
അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അജിനാസും അർജുൻ വേണുഗോപാലും ചേർന്നാണ് സെയ്‌ലേഴ്‌സിനെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് 29 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി സിജോമോൻ ജോസഫ് റോയൽസിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. അജിനാസ് 22-ഉം അർജുൻ വേണുഗോപാൽ 17 റൺസും നേടി. തുടർന്നെത്തിയ ഷറഫുദ്ദീനാണ് സെയ്‌ലേഴ്‌സിന്റെ സ്കോർ 126-ലേക്ക് എത്തിച്ചത്. ടൂർണമെന്റിൽ ആദ്യ മത്സരം കളിക്കുന്ന ഷറഫുദ്ദീൻ തകർപ്പൻ ഇന്നിങ്സാണ് കാഴ്ചവെച്ചത്. 20 പന്തിൽ രണ്ട് ഫോറും നാല് സിക്സുമടക്കം 39 റൺസുമായി ഷറഫുദ്ദീൻ പുറത്താകാതെ നിന്നു. അവസാന ഓവറിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 23 റൺസാണ് ഷറഫുദ്ദീൻ നേടിയത്. റോയൽസിന് വേണ്ടി സിജോമോൻ ജോസഫും രാഹുൽ ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


News18Kerala 48 minutes ago
Home Flash News