Select Location
All Locations
State
Region
City / District
സ്ഥിരമായി താമസിക്കാൻ ഇടമില്ലാത്തതിനാൽ ഹൈക്കമ്മിഷൻ ഒരുക്കിയ താൽക്കാലിക സംരക്ഷണത്തിലാണ് അദ്ദേഹം കഴിയുന്നത്

'സുകുമാരക്കുറുപ്പാ'ക്കിയത് വാടക നൽകാൻ പണമില്ലാത്ത ദാമോദര മേനോനെ; നാട്ടിലെത്തിച്ച് ചികിത്സിക്കാൻ ഇടപെട്ടത് നോർക്ക

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജമായി പ്രചരിച്ച ഫോട്ടോയ്ക്ക് പിന്നിലുള്ള തൃശൂർ കരുമാത്ര സ്വദേശി ദാമോദര മേനോനെ കേരളത്തിലെത്തിച്ച് ചികിത്സയും സംരക്ഷണവും നൽകാൻ നോർക്ക റൂട്ട്‌സ് കഴിഞ്ഞ മാസം ഇടപെടൽ നടത്തിയിരുന്നു. ബ്രൂണെ ദാരുസ്സലാമിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂറക്കനാട് ദാമോദര മേനോനെ സഹായിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ തേടി നോർക്ക ജൂലൈ 2ന് കത്തു നൽകിയത്.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഓർമ്മക്കുറവും അലട്ടുന്ന ദാമോദര മേനോൻ കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലാണ്. സ്ഥിരമായി താമസിക്കാൻ ഇടമില്ലാത്തതിനാൽ ഹൈക്കമ്മിഷൻ ഒരുക്കിയ താൽക്കാലിക സംരക്ഷണത്തിലാണ് അദ്ദേഹം കഴിയുന്നത്. വാടക നൽകാൻ പോലും പണമില്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടിലായ മേനോനെ വീട്ടുടമസ്ഥയായ ചൈനീസ് യുവതിയാണ് ഇന്ത്യൻ ഹൈക്കമ്മിഷനിൽ എത്തിച്ചത്.
തുടർന്ന് സന്നദ്ധ പ്രവർത്തകർ ഇദ്ദേഹത്തിന്റെ പാസ്‌പോർട് വിവരങ്ങൾ ശേഖരിച്ച് മലേഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ കഴിയുന്ന മക്കളെയും ഭാര്യയെയും ബന്ധപ്പെട്ടെങ്കിലും ആരും മേനോനെ ഏറ്റെടുക്കാൻ തയാറായില്ല. ഒടുവിൽ നാട്ടിലുള്ള ബന്ധുക്കളെ ബന്ധപ്പെട്ടപ്പോൾ, മേനോന് നാട്ടിൽ വസ്തുവകകൾ ഉണ്ടെന്നും നാട്ടിലെത്തിച്ചാൽ സംരക്ഷിക്കാമെന്നും ബന്ധുക്കൾ ഉറപ്പു നൽകി. ഈ സാഹചര്യത്തിലാണ് മേനോന് കേരളത്തിൽ താമസസൗകര്യവും ചികിത്സാ സൗകര്യവും ഒരുക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് നോർക്ക രംഗത്തെത്തിയത്. ഇതിനിടയിലാണ് ഇദ്ദേഹത്തിന്റെ ചിത്രം സുകുമാരക്കുറുപ്പുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിച്ചത്.


News18Kerala 1 day ago
Home Flash News