Select Location
All Locations
State
Region
City / District
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ ആളുകൾ ആഗ്രഹിക്കുന്ന നേതാക്കളുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

മോദിയും രാഹുലും കഴിഞ്ഞാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യന്‍ വിജയ്; സർവ്വെ ഫലം

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ ആളുകൾ ആഗ്രഹിക്കുന്ന നേതാക്കളുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഇന്ത്യ ടുഡെ - സി വോട്ടർ മൂഡ് ഓഫ് ദി നാഷൻ സർവ്വേയിലാണ് പല പ്രമുഖ രാഷ്ട്രീയ നേതാക്കളേയും പിന്തള്ളി വിജയ് മൂന്നാം സ്ഥാനത്ത് എത്തിയത്. സർവ്വെയിൽ പങ്കെടുത്ത 9.2 ശതമാനം പേരാണ് വിജയിയെ പിന്തുണച്ചത്.
അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ പേരും പിന്തുണച്ച് നരേന്ദ്ര മോദിയെ തന്നെയാണ്. 48.7 ശതമാനം പേരാണ് മോദിയെ അനുകൂലിച്ചത്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയാണ്. 27.1 ശതമാനം പേരുടെ പിന്തുണ രാഹുലിനുണ്ട്.
പ്രതിപക്ഷമായ ഇന്ത്യ മുന്നണിയെ നയിക്കാൻ ഏറ്റവും യോഗ്യതയുള്ള നേതാക്കളുടെ പട്ടികയിലും വിജയ് ഇടംപിടിച്ചു. 12.2 ശതമാനം പേരുടെ പിന്തുണയോടെ സർവ്വേയിൽ രണ്ടാം സ്ഥാനമാണ് വിജയ്ക്ക് ലഭിച്ചത്. മുൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുൻമുഖ്യമന്ത്രിയും എഎപി നേതാവുമായി അരവിന്ദ് കെജ്രിവാളും സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവുമെല്ലാം വിജയ്ക്ക് പിന്നിലാണ്. ഇവർക്ക് യഥാക്രമം 8.5 ശതമാനം , 7.5 ശതമാനം, 6.9 ശതമാനം എന്നിങ്ങനെയാണ് പിന്തുണ ലഭിച്ചത്.
കന്നി പോരാട്ടത്തിൽ തമിഴകം പിടിച്ച വിജയിയുടെ ടി വി കെ 2029 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. അതിനിടയിലാണ് പാർട്ടിക്ക് ഊർജം നൽകുന്ന സർവ്വെ ഫലം പുറത്തുവരുന്നത്. ദേശീയ രാഷ്ട്രീയത്തിൽ വിജയ്ക്ക് നിർണായക ശക്തിയായി മാറാൻ സാധിക്കുമെന്നാണ് ടി വി കെ നേതാക്കളുടെ വിലയിരുത്തൽ. എംജിആറിനും ജയലളിതയ്ക്കും ശേഷം തമിഴ്നാട്ടിൽ നിന്നുള്ള കരുത്തുറ്റ നേതാവ് എന്ന നിലയിൽ വിജയ് ഉയർന്ന് വരുമെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്.
ഇതിനോടകം തന്നെ വിജയിയെ ദേശീയ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ടി വി കെയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. അടുത്തിടെ തമിഴ്നാട്ടിലെ അഞ്ച് മന്ത്രിമാർ വിജയ് പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പങ്കുവെച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് ഇന്ത്യയ്ക്കൊരു പ്രധാനമന്ത്രി ഉണ്ടാകണമെന്നാണ് നേതാക്കളുടെ ആവശ്യം. ഇന്ത്യയെ ഭരിക്കാന്‍ ശക്തിയുള്ള ആളാണ് ജോസഫ് വിജയ് എന്നാണ് നേതാക്കൾ പറയുന്നത്.
വെറും രണ്ട് വർഷം കൊണ്ടാണ് വിജയ് തമിഴ് രാഷ്ട്രീയത്തിൽ അത്ഭുതം തീർത്തത്. ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയെയും എഐഎഡിഎംകെയെയും ഞെട്ടിച്ചുകൊണ്ടായിരുന്നു വിജയ് തമിഴ്നാട് ഭരണം പിടിച്ചെടുത്തത്.


One India Malayalam 1 day ago
Home Flash News