Select Location
All Locations
State
Region
City / District
ഹെൽമറ്റിനും കാലാവധിയുണ്ട്! എത്ര വർഷം കൂടുമ്പോൾ മാറ്റണം ?

റോഡപകടങ്ങളിൽ ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ ഹെൽമറ്റിന്റെ പങ്ക് വളരെ വലുതാണ്. ഹെൽമറ്റ് ധരിച്ചാൽ മാത്രം പോരാ, വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഹെൽമറ്റിന് ഒരു കാലാവധിയുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ഒരു ഹെൽമറ്റ് മാറ്റേണ്ട സമയം എപ്പോഴാണെന്നും അറിയേണ്ടത് പ്രധാനമാണ്.
ഹെൽമറ്റ് വാങ്ങുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ടത് സർട്ടിഫിക്കേഷനാണ്. ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റുകൾ ഇന്ത്യയിൽ നിർബന്ധമാണ്. ഇതിന് പുറമേ ഇസിഇ, ഡോട്ട്, അല്ലെങ്കിൽ സ്നെൽ തുടങ്ങിയ അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകളുള്ള ഹെൽമറ്റുകൾ കൂടുതൽ സുരക്ഷ വാ​ഗ്ദാനം ചെയ്യുന്നു.
ഇന്ന് വിപണിയിൽ പലതരം ഹെൽമറ്റുകൾ ലഭ്യമാണ്. സുരക്ഷയുടെ കാര്യത്തിൽ ഫുൾഫേസ് ഹെൽമറ്റുകളാണ് ഏറ്റവും മികച്ചത്. ഇവ തലയ്ക്കും മുഖത്തിനും പരിപൂർണ സംര​ക്ഷണമേകുന്നു. സാധാരണ​ഗതിയിൽ ഒരു ഹെൽമറ്റ് മൂന്ന് മുതൽ അഞ്ച് വർഷം വരെ ഉപയോ​ഗിച്ച ശേഷം മാറ്റുന്നതാണ് ഏറ്റവും നല്ലത്. പുറമേ കേടുപാടുകൾ ഒന്നുമില്ലെങ്കിലും ഹെൽമറ്റിനുള്ളിലെ സുരക്ഷാ പാളികൾ കാലക്രമേണ കേടുപാടുകൾ സംഭവിക്കുകയും അതിന്റെ സുരക്ഷശേഷി കുറയുകയും ചെയ്യുന്നു.
ഉള്ളിലെ കേടുപാടുകൾ പുറത്തേക്ക് ദൃശ്യമാകണമെന്നില്ല. എന്തെങ്കിലും ചെറിയ അപകടങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ ഹെൽമറ്റ് പിന്നീട് ശിരസിൽ അണിയാത്തതാണ് എന്തുക്കൊണ്ടും നല്ലത്. അതുമാത്രമല്ല ഹെൽമറ്റ് ഇടക്കിടെ കൈയിൽ നിന്നോ ബൈക്കിൽ നിന്നോ താഴെ വീണിട്ടുണ്ടെങ്കിൽ അതും പിന്നീട് ഉപയോ​ഗിക്കാതിരിക്കുന്നതാവും ഉചിതം. ചെറുതാണെങ്കിലും ആ വീഴ്ചകൾ ഹെൽമറ്റിന്റെ സംര​ക്ഷണ കവചത്തെ ദുർബലപ്പെടുത്തുന്നു.


Kairali News 1 day ago
Home Flash News