Select Location
All Locations
State
Region
City / District
ടൈഫൂൺ സൗഡൽ ചൈനയിൽ കരതൊട്ടു ; ഷെജിയാങ് പ്രവിശ്യയിൽ ശക്തമായ കാറ്റും കനത്ത മഴയും

ടൈഫൂൺ സൗഡൽ ചുഴലിക്കാറ്റ് ചൈനയിൽ കരതൊട്ടു. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടായതോടെ പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറിൽ പരമാവധി 126 കിലോമീറ്റർ വേഗതയുള്ള കാറ്റോടു കൂടിയാണ് ഈ ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കിഴക്കൻ ചൈനയിൽ കനത്ത ജാ​ഗ്രതാനിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച രാവിലെ 8.05ഓടെ തായ്‌ഷൗ നഗരത്തിന് കീഴിലുള്ള യുഹുവാൻ നഗരത്തിന്റെ തീരത്താണ് ചുഴലിക്കാറ്റ് എത്തിയത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സെജിയാങിലും സമീപത്തെ ഫുജിയാൻ പ്രവിശ്യയിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
വ്യാവസായിക കേന്ദ്രമായ നിങ്‌ബോയും സാമ്പത്തിക ശക്തികേന്ദ്രമായ ഷാങ്ഹായും ഉൾപ്പെടെ പ്രധാന നഗര കേന്ദ്രങ്ങളിലുടനീളമുള്ള വിമാന സർവീസുകളും ഫെറി സർവീസുകളും തടസ്സപ്പെട്ടു. പ്രദേശത്തെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
2026 ഓഗസ്റ്റിൽ പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട അതിശക്തമായ ചുഴലിക്കാറ്റാണ് ടൈഫൂൺ സൗഡൽ (Typhoon Saudel). മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയുള്ള ഈ ചുഴലിക്കാറ്റ് ജപ്പാൻ, തായ്‍വാൻ, ചൈന എന്നിവിടങ്ങളിലാണ് ബാധിച്ചിട്ടുള്ളത്.
ജപ്പാനിലെ ഒക്കിനാവ, അമാമി ദ്വീപുകളിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്. കിഴക്കൻ ചൈനയിലേക്കെത്തുമ്പോൾ കാറ്റിന്റെ വേ​ഗത കുറഞ്ഞതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


Kairali News 1 day ago
Home Flash News