Select Location
All Locations
State
Region
City / District
SFI നേതാവ് ഐഷി ഘോഷിനെ അറസ്റ്റുചെയ്യാൻ ഡൽഹി പോലീസ്; തടഞ്ഞ് നേതാക്കൾ, AKG ഭവനിൽ നാടകീയ രംഗങ്ങൾ

SFI നേതാവ് ഐഷി ഘോഷിനെ അറസ്റ്റുചെയ്യാൻ ഡൽഹി പോലീസ്; തടഞ്ഞ് നേതാക്കൾ, AKG ഭവനിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി: എസ്എഫ്‌ഐ ഡൽഹി സെക്രട്ടറിയും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവുമായ ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാനുള്ള ഡൽഹി പോലീസിന്റെ നീക്കം എകെജി ഭവനിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പോലീസ് സംഘം മടങ്ങിപ്പോയി.

സിപിഎം കേന്ദ്ര ഓഫീസായ എകെജി ഭവനിലെത്തിയാണ് പോലീസ് സംഘം ഐഷിയെ പിടികൂടാൻ ശ്രമിച്ചത്. 2021-ലെ രജിസ്റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് ഐഷിയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയത് എന്നാണ് വിവരം.

എന്നാൽ, കോക്രോച്ച് ജനതാ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരത്തിൽ ഐഷി സജീവമായി പങ്കെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഐഷിക്കെതിരെ പോലീസ് ഇപ്പോൾ നിയമനടപടിക്ക് ഒരുങ്ങുന്നത് എന്നാണ് സിപിഎം ആരോപിക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് നടപടിയെന്ന് പോലീസ് അറിയിച്ചെങ്കിലും, നിലവിൽ കോടതിയിൽ ഹാജരാകാത്തതുമായി ബന്ധപ്പെട്ട നോട്ടീസ് വല്ലതും ഉണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. പോലീസ് നീക്കത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ ജോൺ ബ്രിട്ടാസ് അടക്കമുള്ള സിപിഎം നേതാക്കളും എസ്എഫ്‌ഐ നേതാക്കളും സ്ഥലത്തെത്തുകയും പോലീസിനെ പ്രതിരോധിക്കുകയും ചെയ്തു. ഐഷിയെ ഹാജരാക്കിക്കൊള്ളാമെന്ന് നേതാക്കൾ ഉറപ്പുനൽകിയെങ്കിലും ആദ്യം അത് അംഗീകരിക്കാൻ പോലീസ് തയ്യാറായിരുന്നില്ല. പിന്നാലെ നേതാക്കളും പോലീസും തമ്മിൽ വലിയ രീതിയിലുള്ള വാക്കേറ്റവും തർക്കവും ഉണ്ടായി. സിപിഎം നേതാക്കൾ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ സാധിക്കാതെ പോലീസ് സംഘത്തിന് മടങ്ങേണ്ടി വന്നു. പഴയ കേസിൽ പെട്ടെന്ന് ഇത്തരമൊരു നീക്കം നടത്താനുള്ള സാഹചര്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവരുമെന്നാണ് കരുതുന്നത്. സാധാരണ നിലയിൽ കോടതിയുടെ പരിഗണനയിലുള്ള പഴയ കേസുകളിൽ പോലീസ് നേരിട്ടെത്തി അറസ്റ്റ് ചെയ്യുന്ന നടപടി അസ്വാഭാവികമാണെന്നും ഇതിൽ നിയമപരമായ കൂടുതൽ വ്യക്തത ആവശ്യമാണെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കി.


Mathrubhumi News 40 minutes ago
Home Flash News