അഡ്മിറൽ ബ്രാഡ് കൂപ്പർ; ഇറാൻ ആക്രമണങ്ങളിൽ ട്രംപിന്റെ മനസ്സ് മാറ്റിയ യുഎസ് കമാൻഡർ
ഇറാനെതിരെ വലിയ ആക്രമണം നടത്തുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി ഒരു ദിവസത്തിന് ശേഷം, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബോംബാക്രമണ പദ്ധതി പെട്ടെന്ന് നിർത്തിവെച്ചു. അമേരിക്കയുടെ ഉന്നത സൈനിക കമാൻഡർമാരിൽ ഒരാളിൽ നിന്നുള്ള നിർണായക വിലയിരുത്തലുകളാണ് ഈ നാടകീയമായ പിന്മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ബോംബാക്രമണങ്ങൾ അതിന്റെ സൈനിക ലക്ഷ്യങ്ങൾ കൈവരിച്ചതായും തുടർണാക്രമണങ്ങൾ കൊണ്ട് കാര്യമായ നേട്ടങ്ങളൊന്നുമില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വൈറ്റ് ഹൗസിനെ അറിയിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇറാൻ ഇതുവരെ ആവശ്യത്തിന് ശിക്ഷ അനുഭവിച്ചിട്ടില്ലെന്നും കൂടുതൽ സൈനിക നടപടികൾക്ക് താൻ തയ്യാറെടുക്കുകയാണെന്നും ജൂലൈ 23-ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അന്നേദിവസം ഇറാനിയൻ ലക്ഷ്യങ്ങൾക്കെതിരെ തുടർച്ചയായ പതിമൂന്നാം ദിവസത്തെ വ്യോമാക്രമണവും യു.എസ് നടത്തിയിരുന്നു. എന്നാൽ 24 മണിക്കൂറിനുള്ളിൽ പതിനാലാം ദിവസത്തെ ബോംബാക്രമണ പദ്ധതികൾ മാറ്റിവെക്കാൻ പ്രസിഡന്റ് ഉത്തരവിടുകയായിരുന്നു. രണ്ട് ആഴ്ചയായി തുടരുന്ന വ്യോമാക്രമണങ്ങൾ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്താനുള്ള ഇറാന്റെ ശേഷിയെ ഗണ്യമായി ദുർബലപ്പെടുത്തിയതായി ബ്രാഡ് കൂപ്പർ പെന്റഗണെയും വൈറ്റ് ഹൗസിനെയും അറിയിച്ചു. ആസൂത്രണം ചെയ്ത ഭൂരിഭാഗം സൈനിക ലക്ഷ്യങ്ങളും ഇതിനകം തകർക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുടെ ഭാഗമായി ബാക്കിയുള്ള 20 ശതമാനം ലക്ഷ്യങ്ങൾ കൂടി തകർക്കുന്നതിനുള്ള വലിയൊരു സൈനിക ഘട്ടത്തിലേക്ക് ട്രംപ് കടക്കുന്നില്ലെങ്കിൽ, നിലവിലെ ബോംബാക്രമണം തുടരുന്നതിൽ അർത്ഥമില്ലെന്നാണ് സെന്റ്കോം മേധാവി അറിയിച്ചത്. വ്യോമാക്രമണം അതിന്റെ പരിധിയിലെത്തിയെന്ന് സൈനിക-സിവിലിയൻ ഉപദേശകർക്കിടയിൽ പൊതുവെയുള്ള ധാരണയാണ് ബ്രാഡ് കൂപ്പറിന്റെ വിലയിരുത്തലിലൂടെ വ്യക്തമായത്. യു.എസിന്റെ സൈനിക സജ്ജീകരണത്തെക്കുറിച്ചുള്ള ആശങ്കകളാണ് മറ്റൊരു പ്രധാന കാരണം. വ്യോമ പ്രതിരോധ മിസൈലുകളുടെ ശേഖരം കുറയുന്നത് മേഖലയിലെ സൈന്യത്തിന്റെയും സഖ്യകക്ഷികളുടെയും സുരക്ഷയെ ബാധിക്കുമെന്ന് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്തിനും ട്രംപിനും മുന്നറിയിപ്പ് നൽകിയിരുന്നു.
സൈനിക നടപടികൾ നിർത്തിവെച്ചതോടെ നയതന്ത്ര ചർച്ചകൾക്ക് വഴിതെളിഞ്ഞിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചർച്ചകൾ എല്ലാ തലത്തിലും പുരോഗമിക്കുകയാണെന്ന് യു.എൻ സമിതിയിലെ യു.എസ് അംബാസഡർ മൈക്ക് വാൾട്ട്സ് പറഞ്ഞു. വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനും തന്ത്രപ്രധാനമായ ജലപാതയിലെ മൈനുകൾ നീക്കം ചെയ്യാനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര പദ്ധതികളെക്കുറിച്ച് യു.എസും യുകെയും ചർച്ചകൾ നടത്തിവരുന്നുണ്ട്.