Select Location
All Locations
State
Region
City / District
ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി അനുവദിച്ചു റെയില്‍വേ. മൈസൂരുവിൽനിന്ന് ബെംഗളൂരുവഴി കണ്ണൂരിലേക്കാണ് സർവീസ് നടത്തുക. ഇരു ട്രെയിനുകളും പാലക്കാട്, ഷൊർണൂർ, കോഴിക്കോട് വഴിയാണ് സര്‍വീസ് നടത്തുക. മലബാറിലെ യാത്രക്കാര്‍ക്ക് ഈ സര്‍വീസ് ഗുണകരമാകും. നേരത്തെ ബെംഗളൂരു-എറണാകുളം റൂട്ടിൽ ഓണക്കാല സ്പെഷ്യൽ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബെംഗളൂരുവിൽനിന്നുള്ള ഓണക്കാല സ്പെഷ്യൽ ട്രെയിനുകളുടെ എണ്ണം മൂന്നായി. മൈസൂരു-ബെംഗളൂരു-കണ്ണൂർ സ്പെഷ്യൽ ട്രെയിന്‍ (06227): ഉത്രാടദിനമായ ഓഗസ്റ്റ് 25-ന് രാത്രി 10.30-ന് മൈസൂരുവിൽനിന്ന് പുറപ്പെട്ട് അർധരാത്രിക്കുശേഷം 1.10-ന് ബെംഗളൂരു കെ.എസ്.ആറിലും 1.38-ന് കെ.ആർ.പുരത്തും 2.28-ന് ബെംഗാർപ്പേട്ടും എത്തി 26-ന് ഉച്ചയ്‌ക്കുശേഷം രണ്ടിന് കണ്ണൂരിലെത്തും. കണ്ണൂർ-ബെംഗളൂരു സ്പെഷ്യൽ ട്രെയിന്‍ (06228): ഓഗസ്റ്റ് 26-ന് വൈകീട്ട് 6.25-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.35-ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.

മൈസൂരു-ബെംഗളൂരു-സ്പെഷ്യൽ ട്രെയിന്‍ (06229): ഓഗസ്റ്റ് 29-ന് രാത്രി 11.55-ന് മൈസൂരുവിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ രണ്ടിന് ബെംഗളൂരു കെ.എസ്.ആറിലും 2.31-ന് കെ.ആർ.പുരത്തും 3.11 ബെംഗാർപേട്ടും എത്തി വൈകീട്ട് 5.50-ന് കണ്ണൂരിൽ എത്തും. കണ്ണൂർ-ബെംഗളൂരു സ്പെഷ്യൽ ട്രെയിന്‍(06230): ഓഗസ്റ്റ് 30-ന് രാത്രി 7.45-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10-ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും. ഇരു ട്രെയിനുകൾക്കും കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.


Janmabhumi 1 hour ago
Home Flash News