സുരേഷ് ഗോപി ക്യാമ്പസിലേക്ക്; ഹിറ്റ് ചിത്രം 'ഗരുഡന്' ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി കൈകോർക്കുന്നു
സൂപ്പർ ഹിറ്റ് ചിത്രമായ 'ഗരുഡന്' (Garudan movie) ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് സുരേഷ് ഗോപി (Suresh Gopi) നായകനാകുന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ചു. അഭിനയ മോഹമുള്ള, 16-25 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടിയാണ് കാസ്റ്റിംഗ് കോൾ.
സുരേഷ് ഗോപിയെ നായകനാക്കി ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ഒരുങ്ങുന്നത് എന്നാണ് കാസ്റ്റിംഗ് കോളിൽ നിന്നും ലഭിക്കുന്ന സൂചന. അങ്ങനെയെങ്കിൽ 40 വർഷത്തെ തന്റെ സിനിമാ ജീവിതത്തിൽ സുരേഷ് ഗോപിയുടെ കരിയറിലെ ആദ്യത്തെ മുഴുനീള ക്യാമ്പസ് ചിത്രമായിരിക്കും ലിസ്റ്റിൻ സ്റ്റീഫൻ ഒരുക്കുന്നത്. മേഘസന്ദേശം, സ്വപ്നം കൊണ്ട് തുലാഭാരം തുടങ്ങിയ സിനിമകളിൽ സുരേഷ് ഗോപി കോളേജ് അധ്യാപകന്റെ വേഷം ചെയ്തിട്ടുണ്ട്. ഈ സിനിമയിലെ കഥാപാത്രം എങ്ങനെയെന്ന സൂചന ഇനിയും ലഭ്യമായിട്ടില്ല. ചിത്രത്തിലെ അണിയറ പ്രവർത്തകരെ കുറിച്ചും മറ്റഭിനേതാക്കളെ കുറിച്ചുമുള്ള വിവരങ്ങൾ കാസ്റ്റിംഗ് കോളിൽ പങ്കുവെച്ചിട്ടില്ല. ഓണത്തിന് ശേഷം ചിത്രീകരണം തുടങ്ങുന്ന സിനിമ 2027 വിഷു റിലീസായി തിയേറ്ററുകളിൽ എത്തും.