Select Location
All Locations
State
Region
City / District
ഭാരതത്തിനും ഇത് അഭിമാന നിമിഷം; സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് ഡോ. അനില്‍ മേനോന്‍ 14ന് ബഹിരാകാശത്തേക്ക്

ഭാരതത്തിനും ഇത് അഭിമാന നിമിഷം; സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് ഡോ. അനില്‍ മേനോന്‍ 14ന് ബഹിരാകാശത്തേക്ക്

പാലക്കാട്: സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ചു മലയാളി ബഹിരാകാശത്തേക്ക്. കേരളത്തിനും ഭാരതത്തിനും ഇത് അഭിമാന നിമിഷം. കസാഖിസ്ഥാന്‍ ബൈക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് 14നു വിക്ഷേപിക്കുന്ന റഷ്യയുടെ സോയൂസ് എംഎസ്29 പേടകത്തിലെ ഫ്ളൈറ്റ് എന്‍ജിനീയര്‍ ഭാരത വംശജനും പാലക്കാട് കുടുംബ ബന്ധവുമുള്ള ഡോ. അനില്‍ മേനോനാണ്. റഷ്യന്‍ ബഹിരാകാശ യാത്രികരായ പ്യോട്ടര്‍ ഡുബ്രോവ്, അന്ന കികിന എന്നിവരോടൊപ്പമാണ് യാത്ര. നാസയുടെ ബഹിരാകാശ സഞ്ചാരിയായി എട്ടു മാസത്തെ ദൗത്യത്തിനാണ് അമ്പതുവയസുകാരനായ അനിലിന്റെ യാത്ര. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കു പോകുന്ന ആദ്യ മലയാളിയെന്ന റിക്കാര്‍ഡ് അനിലിന്റെ പേരിലാകും. സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസിന്റെ ഏക മലയാളി പ്രസിഡന്റുമായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബാംഗമാണ് ഡോ. അനില്‍. ചേറ്റൂര്‍ ശങ്കരന്‍ നായരുടെ മൂന്നാമത്തെ മകളായ കിഴക്കേ പാലാട്ട് മാധവിയമ്മയുടെ മകള്‍ കിഴക്കേ പാലാട്ട് കല്യാണിക്കുട്ടിയമ്മയുടെ മകന്‍ ശങ്കരന്‍ മേനോന്റെ മകനാണ് ഡോ. അനില്‍. ഉക്രൈന്‍ സ്വദേശി ലിസയാണ് അമ്മ. അനിലിന്റെ ഭാര്യ അന്ന വില്‍ഹെം 2024ല്‍ പൊളാരിസ് ഡൗണ്‍ ദൗത്യത്തിലൂടെ ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

ഭാരത വംശജനും പാലക്കാട് കുടുംബ ബന്ധവുമുള്ള ഡോ. അനില്‍ മേനോന്‍ നാസയുടെ ബഹിരാകാശ ഉദ്യമത്തിലേക്ക് തെരഞ്ഞെടുത്ത ഒന്‍പത് പേരിലൊരാള്‍. അമേരിക്ക മിനസോട്ടയിലാണ് അനില്‍ ജനിച്ചുവളര്‍ന്നത്. ഡോക്ടറായ അനില്‍ യുഎസ് എയര്‍ഫോഴ്സില്‍ ലഫ്. കേണലായിരുന്നു. സ്പേസ് എക്സിന്റെ പ്രഥമ ഫ്ളൈറ്റ് സര്‍ജനും. അനിലിന്റെ മാതാപിതാക്കള്‍ അമേരിക്കയിലാണ് താമസം. യുഎസ് വ്യോമ സേനയിലെ ഓപ്പറേഷന്‍ എന്‍ഡ്യൂറിങ് ഫ്രീഡമെന്ന ദൗത്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനൊപ്പം ചേര്‍ന്ന് എവറസ്റ്റ് കൊടുമുടി കയറുന്നവര്‍ക്ക് വൈദ്യസഹായം നല്കുന്ന സംഘത്തിന്റെ ഭാഗമായിരുന്നു. ഹെയ്തി, നേപ്പാള്‍ ഭൂകമ്പ സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു അദ്ദേഹം. ഭാരതത്തില്‍ പോളിയോ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി.


Janmabhumi 15 days ago
Home Flash News