Select Location
All Locations
State
Region
City / District
ഈ രാജകുമാരി 'ഫയർ' ആണ്! രാജകൊട്ടാരത്തിൽ നിന്ന് യുദ്ധക്കളത്തിലേക്ക്; സൈനിക പാരമ്പര്യം കാക്കാൻ അമാലിയ

ഈ രാജകുമാരി 'ഫയർ' ആണ്! രാജകൊട്ടാരത്തിൽ നിന്ന് യുദ്ധക്കളത്തിലേക്ക്; സൈനിക പാരമ്പര്യം കാക്കാൻ അമാലിയ

ആംസ്റ്റർഡാം∙ നെതർലൻഡ്‌സിലെ കിരീടാവകാശിയായ കാതറിന അമാലിയ രാജകുമാരി റോയൽ നെതർലാൻഡ്സ് വ്യോമസേനയിലെ സൈനിക പരിശീലനം വിജയകരമായി പൂർത്തിയാക്കി. ഉന്നതവിദ്യാഭ്യാസത്തോടൊപ്പം സൈനികപരിശീലനവും നൽകുന്ന 'ഡെഫൻസിറ്റി കോളജ്' പ്രോഗ്രാമിന്റെ ഭാഗമായാണ് രാജകുമാരി ഈ നേട്ടം കൈവരിച്ചത്.

ഇനി അവധിക്കാലത്തിനു ശേഷം റോയൽ നെതർലൻഡ്സ് നാവികസേനയിലാകും രാജകുമാരിയുടെ അടുത്ത ഘട്ട പരിശീലനം. ഇതിന് മുൻപ് ഡിഫൻസ് സ്റ്റാഫിന് കീഴിലുള്ള ജനറൽ മിലിട്ടറി ട്രെയിനിങും രാജകുമാരി പൂർത്തിയാക്കിയിരുന്നു.

പഠനത്തോടൊപ്പം രാജ്യസ്നേഹവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാനും, സൈന്യവും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനുമാണ് ഈ 'ഡെഫൻസിറ്റി കോളജ്' പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള വിവിധ പരിശീലന പരിപാടികൾ വിദ്യാർഥികളുടെ വ്യക്തിത്വ വികാസവും മൂല്യബോധവും തൊഴിൽപരമായ വളർച്ചയും ഉറപ്പാക്കുന്നുണ്ട്. നെതർലൻഡ്‌സ് രാജകുടുംബത്തിന് രാജ്യത്തിന്റെ സായുധസേനയുമായി നൂറ്റാണ്ടുകളുടെ നീണ്ട ചരിത്രബന്ധമാണുള്ളത്. മുൻകാല ഭരണാധികാരിയും സൈനിക കമാൻഡറുമായിരുന്ന വില്യം ഓഫ് ഓറഞ്ചിന്റെ കാലം മുതൽക്കേ ഈ പാരമ്പര്യം തുടരുന്നുണ്ട്. നിലവിലെ ഡച്ച് രാജാവ് വില്യം അലക്സാണ്ടറും മുൻപ് റോയൽ നാവികസേന, കരസേന, വ്യോമസേന എന്നിവയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്.

രാജകുടുംബത്തിന്റെ ഈ സൈനിക പാരമ്പര്യത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ കിരീടാവകാശിയായ കാതറിന അമാലിയ രാജകുമാരിയും വിവിധ സൈനിക വിഭാഗങ്ങളിൽ പരിശീലനം തേടുന്നത്.


Manorama News 1 month ago
Home Flash News