Select Location
All Locations
State
Region
City / District
ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

മെല്‍ബണ്‍ (ഓസ്ട്രേലിയ): ഭാരതവും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ഏറ്റവും ഉയരത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പ്രവാസി ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പാലമായി വര്‍ത്തിക്കുന്നത് പ്രവാസി ഭാരതീയ സമൂഹമാണ്. ഓസ്ട്രേലിയയുടെ വികസനത്തിന് സംഭാവന നല്‍കുന്നതിനൊപ്പം ഭാരതവുമായി എന്നും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ താന്‍ ആദ്യമായി ഓസ്ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍, 28 വര്‍ഷത്തിനിടെ ഒരു ഭാരത പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദര്‍ശനമായിരുന്നു അത്. ഇനി 28 വര്‍ഷം കാത്തിരിക്കേണ്ടി വരില്ലെന്ന് പറഞ്ഞത് ഓര്‍ക്കുന്നുണ്ടാകും. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇത് തന്റെ മൂന്നാമത്തെ സന്ദര്‍ശനമാണ്. ഭാരതവും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം എത്രത്തോളം ഉയരങ്ങളില്‍ എത്തിയിരിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു. ഇതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് മോദിയായിരുന്നില്ല, നിങ്ങളെല്ലാവരും ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭാരതം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരകേന്ദ്രങ്ങളെ തകര്‍ത്തപ്പോള്‍ അതിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ നിര്‍ണായക ആക്രമണം നടത്തിയപ്പോള്‍ ഓരോ ഭാരതീയനും അഭിമാനം തോന്നിയില്ലേ എന്ന് അദ്ദേഹം സദസിനോട് ചോദിച്ചു. 26 സാധാരണക്കാരുടെ ജീവന്‍ കവര്‍ന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് ഭാരതം നല്‍കിയ നിശ്ചയദാര്‍ഢ്യത്തോടെയുള്ള മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ സംഘടനകളുടെ ഒന്‍പത് പ്രധാന ഭീകരകേന്ദ്രങ്ങള്‍ ഭാരതം വിജയകരമായി തകര്‍ത്തു. ഈ നടപടിയില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായും ഭീകരവാദത്തോടുള്ള ഭാരതത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നയമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭാരത് മാതാ കീ ജയ്, ജയ് ജയ് മോദി വിളികളാലും ഹര്‍ഷാരവങ്ങളാലും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും പരിപാടിയില്‍ പങ്കെടുത്തു. ഭാരതം തങ്ങള്‍ വിശ്വസിക്കുന്ന രാജ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച വിക്ടോറിയ പ്രീമിയര്‍ ജസീന്ത അലന്‍ പറഞ്ഞു. വിക്ടോറിയ ഭാരതത്തെ ബഹുമാനിക്കുന്നു, ഭാരതവുമായുള്ള പങ്കാളിത്തത്തെ വളരെയധികം വിലമതിക്കുന്നു. വിക്ടോറിയയില്‍, ഭാരത സമൂഹം അംഗീകരിക്കപ്പെടുക മാത്രമല്ല, അവര്‍ തങ്ങളുടെ ഭാഗമാണെന്നും അലന്‍ കൂട്ടിച്ചേര്‍ത്തു.


Janmabhumi 16 days ago
Home Flash News