Select Location
All Locations
State
Region
City / District
90 ഇറാനിയൻ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം; ദൃശ്യങ്ങൾ പുറത്തുവിട്ടു

90 ഇറാനിയൻ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം; ദൃശ്യങ്ങൾ പുറത്തുവിട്ടു

വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണശാലകൾ എന്നിവയുൾപ്പെടെ ഏകദേശം 90 സൈനിക താവളങ്ങൾ യുഎസ് സേന ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. "ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്കും നിരപരാധികളായ സിവിലിയൻ നാവികർക്കും നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി തകർക്കുന്നതിനായി ജൂലൈ 8-ന് ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്."- എക്സിലെ പ്രസ്താവനയിൽ യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.

ഇറാനിയൻ സൈനിക താവളങ്ങൾക്ക് നേരെ നടത്തിയ ഏറ്റവും പുതിയ ആക്രമണങ്ങളുടെ വീഡിയോയും സെന്റ്കോം പുറത്തുവിട്ടിട്ടുണ്ട്. തലേദിവസം നടത്തിയ ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ നടപടിയെന്ന് കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി, ജൂലൈ 7ന് യുഎസ് സേന 60-ലധികം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ബോട്ടുകൾ ഉൾപ്പെടെ 80-ഓളം ഇറാനിയൻ സൈനിക ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയതായും അവർ കൂട്ടിച്ചേർത്തു.

യുഎസ് സൈന്യം ഇറാനിയൻ സൈനിക കേന്ദ്രങ്ങളായി അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ കൃത്യതയാർന്ന ആക്രമണങ്ങളും ഒന്നിലധികം സ്ഫോടനങ്ങളും നടക്കുന്നതാണ് സെന്റ്കോം പങ്കുവെച്ച വീഡിയോയിൽ കാണുന്നത്. ഇറാനുമായുള്ള വെടിനിർത്തൽ "അവസാനിച്ചതായി" യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങൾ വീണ്ടും ശക്തമായത്. ഇതേതുടർന്ന് സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്കിടയിലും ഐക്യരാഷ്ട്രസഭ, പാകിസ്ഥാൻ, ഖത്തർ എന്നിവർ ഇരുവിഭാഗത്തോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു.

അമേരിക്കൻ ഭീഷണി വിലപ്പോവില്ല’ യുഎസ് ആക്രമണങ്ങളെത്തുടർന്ന് പിരിമുറുക്കം ശക്തമായ സാഹചര്യത്തിൽ, കൂടുതൽ സൈനിക നടപടികളുണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ വ്യാഴാഴ്ച യുഎസിന് വീണ്ടും മുന്നറിയിപ്പ് നൽകി. വാഷിംഗ്ടൺ തങ്ങളുടെ വിദ്വേഷ സമീപനം തുടരുകയാണെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് കുറ്റപ്പെടുത്തി. "ഭീഷണിപ്പെടുത്തലും വാഗ്ദാനങ്ങൾ ലംഘിക്കുന്നതും ഇനി അത്ര എളുപ്പമാകില്ല" എന്ന് മനസ്സിലാക്കാൻ യുഎസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. "അമേരിക്ക ഇനിയും പഠിച്ചിട്ടില്ല; ഭീഷണിപ്പെടുത്തലിനും വാഗ്ദാന ലംഘനങ്ങൾക്കും ഇനി വലിയ വില നൽകേണ്ടിവരും. ഞാൻ ഇത് വ്യക്തമായി പറയാം: നിങ്ങൾ ആക്രമിച്ചാൽ, നിങ്ങൾക്ക് തിരിച്ചടിയുണ്ടാകും," ഗാലിബാഫ് പറഞ്ഞു.

ഹോർമുസ് കടലിടുക്ക് ടെഹ്‌റാന്റെ നിയന്ത്രണത്തിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, അത് വീണ്ടും തുറക്കുന്നത് യുഎസ് സമ്മർദ്ദത്തെക്കാൾ ഇറാന്റെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുമെന്നും കൂട്ടിച്ചേർത്തു. "ആവശ്യമില്ലാതെ കൈകാലിട്ടടിക്കരുത്, അത് നിങ്ങളെ കൂടുതൽ ആഴത്തിലേക്ക് താഴ്ത്തും. ഹോർമുസ് കടലിടുക്ക് ഇറാന്റെ വ്യവസ്ഥകൾക്കനുസരിച്ച് മാത്രമേ തുറക്കൂ, അമേരിക്കൻ ഭീഷണികൾക്ക് മുന്നിലല്ല," അദ്ദേഹം പറഞ്ഞു. മികച്ച വീഡിയോകൾ

അതേസമയം ബന്ദർ അബ്ബാസ്, കൊനാരക്, ചബഹാർ, കിഷ് ഐലൻഡ് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ ആക്രമണങ്ങളെത്തുടർന്ന് ചബഹാറിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സവും അനുഭവപ്പെട്ടു.


News18Kerala 17 days ago
Home Flash News