'അതൊക്കെ വ്യാജക്കണക്കുകൾ'; ഇന്ത്യയുടെ നികുതിയെച്ചൊല്ലി വാണിജ്യ സെക്രട്ടറിയോട് പൊട്ടിത്തെറിച്ച് ഡൊണാൾഡ് ട്രംപ്
ഇന്ത്യ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തുന്ന ഇറക്കുമതി നികുതിയെച്ചൊല്ലി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലൂട്നിക്കും തമ്മിൽ വൈറ്റ് ഹൗസിൽ തർക്കമുണ്ടായതായി വെളിപ്പെടുത്തൽ. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യ ചുമത്തുന്ന നികുതി കുറവാണെന്ന് ചൂണ്ടിക്കാണിച്ച വാണിജ്യ സെക്രട്ടറിയോട് ഉദ്യോഗസ്ഥർ നൽകുന്നത് വ്യാജ വിവരങ്ങളാണെന്ന് പറഞ്ഞ് ട്രംപ് പൊട്ടിത്തെറിച്ചതായാണ് വിവരം.
ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തകരായ മാഗി ഹേബർമാൻ, ജോനാഥൻ സ്വാൻ എന്നിവർ എഴുതിയ 'റെജീം ചേഞ്ച്: ഇൻസൈഡ് ദി ഇംപീരിയൽ പ്രസിഡൻസി ഓഫ് ഡൊണാൾഡ് ട്രംപ്' എന്ന പുസ്തകത്തിലാണ് ട്രംപിന്റെ രണ്ടാം ഭരണകാലത്തെ വൈറ്റ് ഹൗസ് ചർച്ചകൾ വിവരിക്കുന്നത്. 2025 ഏപ്രിലിൽ ട്രംപ് പ്രഖ്യാപിച്ച 'ലിബറേഷൻ ഡേ' വ്യാപാര നടപടികൾക്ക് മുന്നോടിയായി നടന്ന യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്റേറ്റീവ് (USTR) തയ്യാറാക്കിയ ഔദ്യോഗിക കണക്കുകൾ ലൂട്നിക്ക് സമർപ്പിച്ചെങ്കിലും ട്രംപ് അത് അംഗീകരിച്ചില്ല. ഇന്ത്യ യുഎസ് ഉൽപ്പന്നങ്ങൾക്ക് മേൽ കുറഞ്ഞത് 175 ശതമാനം നികുതി ചുമത്തുന്നുണ്ടെന്ന നിലപാടിൽ ട്രംപ് ഉറച്ചുനിന്നു. ഔദ്യോഗിക കണക്കുകളെ തള്ളിയ ട്രംപ് ചൈനയും ഇന്ത്യയും യഥാർത്ഥത്തിൽ എത്ര നികുതിയാണ് ചുമത്തുന്നതെന്ന കൃത്യമായ വിവരങ്ങൾ തനിക്ക് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരോട് കയർത്തു.
ട്രംപ് ഉന്നയിച്ച 175 ശതമാനം എന്ന കണക്ക് യുഎസ് ഔദ്യോഗിക രേഖകളേക്കാൾ കൂടുതലാണെങ്കിലും ഇന്ത്യ ഉയർന്ന നികുതിയാണ് ഈടാക്കുന്നതെന്ന് വാഷിംഗ്ടൺ ദീർഘകാലമായി ആരോപിക്കുന്നുണ്ട്. കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ശരാശരി 37 ശതമാനവും ചില വാഹനങ്ങൾക്ക് 100 ശതമാനത്തിലധികവും നികുതി ചുമത്തുന്നുണ്ടെന്നാണ് യുഎസ് രേഖകൾ വ്യക്തമാക്കുന്നത്. ട്രംപിന്റെ മുതിർന്ന വ്യാപാര ഉപദേശകൻ പീറ്റർ നവാരോ ഇന്ത്യയെ 'നികുതികളുടെ മഹാരാജാവ്' എന്നാണ് വിശേഷിപ്പിച്ചത്. ഈ തർക്കങ്ങൾക്ക് പിന്നാലെ 2025 ഏപ്രിൽ 2-ന് ട്രംപ് ഇന്ത്യയ്ക്ക് മേൽ 25 ശതമാനം നികുതി ചുമത്തിയിരുന്നു. തുടർന്ന് 2025 ഓഗസ്റ്റിൽ, റഷ്യയിൽ നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടർന്നതിൽ പ്രകോപിതനായി 25 ശതമാനം കൂടി അധിക നികുതി ചുമത്തിയതോടെ ചില ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആകെ യുഎസ് നികുതി 50 ശതമാനമായി ഉയർന്നു.
യുക്രൈൻ യുദ്ധത്തിൽ റഷ്യയെ ഇന്ത്യ സാമ്പത്തികമായി സഹായിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തിയപ്പോൾ രാജ്യത്തെ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ ഇന്ധനം ഉറപ്പാക്കാനാണ് എണ്ണ വാങ്ങുന്നതെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. കൂടാതെ, 'ഓപ്പറേഷൻ സിന്ദൂർ' വഴി ഇന്ത്യ-പാക് യുദ്ധം താൻ തടഞ്ഞു എന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയതും ബന്ധം വഷളാകാൻ കാരണമായി. എന്നാൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ 2026 ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും താൽക്കാലിക വ്യാപാര കരാറിനുള്ള ചട്ടക്കൂട് പ്രഖ്യാപിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് ഇന്ത്യ ഉറപ്പുനൽകിയ പശ്ചാത്തലത്തിൽ അധികമായി ചുമത്തിയ 25 ശതമാനം നികുതി ട്രംപ് പിൻവലിച്ചു. അടിസ്ഥാന നികുതി 25-ൽ നിന്ന് 18 ശതമാനമായി കുറയ്ക്കാനും അമേരിക്ക സമ്മതിച്ചു. പകരമായി അമേരിക്കൻ വ്യവസായ ഉൽപ്പന്നങ്ങൾക്കും അണ്ടിപ്പരിപ്പ്, പഴങ്ങൾ, വൈൻ, സോയാബീൻ ഓയിൽ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾക്കും ചുമത്തിയിരുന്ന നികുതി കുറയ്ക്കാൻ ഇന്ത്യയും തയ്യാറായിട്ടുണ്ട്.
നിലവിൽ ഈ കരാർ പൂർണ്ണമായി നടപ്പിലായിട്ടില്ല. കരാറിന്റെ അന്തിമ വ്യവസ്ഥകളിൽ ചർച്ച നടത്തുന്നതിനായി യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ ഈ ആഴ്ച ന്യൂഡൽഹിയിലെത്തി ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി.