Select Location
All Locations
State
Region
City / District
കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ബിഎംഎസ് അനുകൂല സംഘടനകള്‍ക്ക് മികച്ച നേട്ടം

കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ബിഎംഎസ് അനുകൂല സംഘടനകള്‍ക്ക് മികച്ച നേട്ടം

വെള്ളാനിക്കര: കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിഎംഎസ് അനുകൂല സംഘടനകള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ മികച്ച നേട്ടം. അദ്ധ്യാപക, അനദ്ധ്യാപക, തൊഴിലാളി വിഭാഗങ്ങളിലായി സംഘടനകള്‍ക്ക് ലഭിച്ച വോട്ടുകളും പിന്തുണയും മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഗണ്യമായ വളര്‍ച്ച സൂചിപ്പിക്കുന്നു. അദ്ധ്യാപക വിഭാഗത്തില്‍ ആദ്യമായാണ് സംഘടന സ്ഥാനാര്‍ത്ഥിയെ മത്സരരംഗത്തിറക്കിയത്. ഈ വിഭാഗത്തില്‍ സ്ഥാനാര്‍ത്ഥിക്ക് 27 ആദ്യ പരിഗണന വോട്ടുകളും ആകെ 29 വോട്ടുകളുടെ പിന്തുണയും ലഭിച്ചു. ആദ്യ മത്സരത്തില്‍ തന്നെ ലഭിച്ച ഈ പിന്തുണ ശ്രദ്ധേയമാണ്.

 അനദ്ധ്യാപക വിഭാഗത്തില്‍ മത്സരിച്ച കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘിന് 47 ആദ്യ പരിഗണന വോട്ടുകള്‍ ലഭിച്ചു. കൂടാതെ സിപിഎം അനുകൂല സംഘടനയില്‍ നിന്ന് 12 വോട്ടും, സിപിഐ അനുകൂല സംഘടനയില്‍ നിന്ന് 8 വോട്ടും, കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ നിന്ന് 47 വോട്ടുകളും രണ്ടാം പരിഗണനയായി ലഭിച്ചു. ഇതോടെ ആദ്യ പരിഗണനയും രണ്ടാം പരിഗണനയും ഉള്‍പ്പെടെ സംഘടനയ്‌ക്ക് 114 വോട്ടുകളുടെ പിന്തുണ ലഭിച്ചു.

കഴിഞ്ഞ ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 37 ആദ്യ പരിഗണന വോട്ടുകളും 14 രണ്ടാം പരിഗണന വോട്ടുകളും ഉള്‍പ്പെടെ ആകെ 51 വോട്ടുകളുടെ പിന്തുണയാണ് സംഘടനക്ക് ലഭിച്ചിരുന്നത്. ഇത്തവണ അത് 114 ആയി ഉയര്‍ന്നതോടെ സംഘടനയുടെ ആകെ പിന്തുണയില്‍ 123.5 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവിധ സംഘടനകളില്‍ നിന്നുള്ള രണ്ടാം പരിഗണന വോട്ടുകള്‍ സംഘടനയോടുള്ള വിശാലമായ സ്വീകാര്യതയുടെയും വിശ്വാസത്തിന്റെയും സൂചനയായും വിലയിരുത്തപ്പെടുന്നു. തൊഴിലാളി വിഭാഗത്തിലും സംഘടന ശ്രദ്ധേയ വളര്‍ച്ച കൈവരിച്ചു. 
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 68 ആദ്യ പരിഗണന വോട്ടുകള്‍ നേടിയിരുന്ന സംഘടന ഇത്തവണ 151 ആദ്യ പരിഗണന വോട്ടുകള്‍ നേടി. ഇതോടെ തൊഴിലാളി വിഭാഗത്തില്‍ 122 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി. തൊഴിലാളികള്‍ക്കിടയില്‍ സംഘടനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിന്റെയും വിശ്വാസ്യതയുടെയും തെളിവായാണ് ഈ നേട്ടം കണക്കാക്കപ്പെടുന്നത്.

അദ്ധ്യാപക, അനദ്ധ്യാപക, തൊഴിലാളി മേഖലകളിലായി ലഭിച്ച വോട്ടുകളും പിന്തുണയും സര്‍വകലാശാലയിലെ വിവിധ വിഭാഗങ്ങളില്‍ ബിഎംഎസ് അനുകൂല സംഘടനകള്‍ക്ക് ലഭിച്ചുവരുന്ന സ്വീകാര്യതയുടെ വളര്‍ച്ചയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം സര്‍വകലാശാലയിലെ സംഘടനാ ശക്തികളുടെ മാറിവരുന്ന സമവാക്യങ്ങളുടെ സൂചനയാണെന്നും, വരുംകാലങ്ങളില്‍ ഈ മുന്നേറ്റം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.


Janmabhumi 1 hour ago
Home Flash News