സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു
തിരുവനന്തപുരം: സെന്‍സസ് – 2027ന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ ഗവര്‍ണര്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഒന്നാം ഘട്ടം അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സ്വയം വിവരശേഖരണം യഥാസമയം പൂര്‍ത്തിയാക്കി എല്ലാവരും സെന്‍സസില്‍ പൂര്‍ണമനസ്സോടെ പങ്കാളികളാകണമെന്നും, 2027ലെ സെന്‍സസ് വളരെ കൃത്യതയുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒന്നാക്കി മാറ്റി വന്‍ വിജയമാക്കാന്‍ സജീവ സംഭാവന നല്‍കണമെന്നും ഗവര്‍ണര്‍ ആഹ്വാനം ചെയ്തു. ചീഫ് സെക്രട്ടറി എ. ജയതിലക്, ജില്ലാ കളക്ടര്‍ അനുകുമാരി, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ. ബിജു, സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡോ. മിത്ര ടി., ഗവര്‍ണറുടെ സെക്രട്ടറി കെ. വാസുകി, സെന്‍സസ് എക്‌സിക്യൂട്ടീവ് അഞ്ജലി ജോസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പൊതുജനങ്ങള്‍ക്ക് se.census.gov.in എന്ന പോര്‍ട്ടല്‍ വഴി തങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള ‘സ്വയം വിവരശേഖരണ സൗകര്യം’ ലഭ്യമാണ്. വീടുകള്‍ സന്ദര്‍ശിച്ചുള്ള ഒന്നാം ഘട്ട ഹൗസ്‌ലിസ്റ്റിങ്, ഹൗസിങ് സെന്‍സസ് എന്നിവയിലൂടെ വീടുകളുടെ അവസ്ഥ, ലഭ്യമായ സൗകര്യങ്ങള്‍, വ്യക്തിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. സംസ്ഥാനത്ത് 2027ലെ സെന്‍സസിന്റെ ഒന്നാം ഘട്ടം 2026 ജൂലൈ 1 മുതല്‍ 30 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. സ്വയം വിവരശേഖരണത്തിനുള്ള സൗകര്യം ഇന്ന് മുതല്‍ 2026 ജൂണ്‍ 30 വരെ ലഭ്യമാകും.