Select Location
All Locations
State
Region
City / District
'നിലനില്‍പ്പിനു പിട‍ഞ്ഞ കോണ്‍ഗ്രസിനെ തോളിലേറ്റിയത് ഡിഎംകെ; രാഹുല്‍ ഗാന്ധി ഭൂലോക തമാശ' വിമർശനവുമായി ഡിഎംകെ

'നിലനില്‍പ്പിനു പിട‍ഞ്ഞ കോണ്‍ഗ്രസിനെ തോളിലേറ്റിയത് ഡിഎംകെ; രാഹുല്‍ ഗാന്ധി ഭൂലോക തമാശ' വിമർശനവുമായി ഡിഎംകെ

കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരെ ഡിഎംകെ. പ്രതിപക്ഷ ഐക്യം തകര്‍ത്ത രാഹുല്‍ ഭൂലോക തമാശയാണെന്നും ഡിഎംകെ വിമര്‍ശിച്ചു. തമിഴ്നാട്ടിലും ഇന്ത്യാസഖ്യത്തിലും കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായ ഭാഷയില്‍ നിശിതമായ വിമർശനമാണ് ഡിഎംകെ മുഖപത്രമായ 'മുരശൊലി'യില്‍ നടത്തിയത്.

'രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി പിട‍ഞ്ഞ കോണ്‍ഗ്രസിനെ ഡിഎംകെയാണ് പിന്തുണച്ചതും തോളിലേറ്റിയതും. പക്ഷേ തിളക്കമേറിയ പുതിയ കളിപ്പാട്ടം കണ്ടപ്പോൾ അവര്‍ മറുകണ്ടം ചാടി' എന്നാണ് പ്രധാന വിമര്‍ശനം. പ്രതിപക്ഷ കക്ഷികളില്‍ ഭിന്നതയുണ്ടാക്കിയതുമെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇനി പ്രതിപക്ഷ ഐക്യത്തെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് എന്ത് അര്‍ഹതയാണുള്ളത് ?
 ഇന്ത്യ സഖ്യം തകര്‍ത്തത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണ്.
 വിവിധ സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാന്‍ സഖ്യത്തിന് വിരുദ്ധമായി കോണ്‍ഗ്രസും രാഹുലും പ്രവര്‍ത്തിച്ചു. ബിജെപിയാണ് മുഖ്യശത്രുവെന്നത് പോലും വിസ്മരിച്ച് സഖ്യകക്ഷികള്‍ക്കെതിരെ മല്‍സരിച്ചു.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചതിനെതിരെ സിപിഎം നേതാക്കൾ ഉയർത്തിയ വിമർശനങ്ങളും ലേഖനം ചൂണ്ടിക്കാട്ടി.
 ഇടതുപക്ഷവും ബിജെപിയും തമ്മിൽ രഹസ്യ സഖ്യമുണ്ടെന്ന് രാഹുൽ ഗാന്ധി അസത്യപ്രചാരണം നടത്തിയെന്ന ജോൺ ബ്രിട്ടാസിന്റെ ആരോപണവും സിപിഐ ജനറൽ സെക്രട്ടറി രാജ നടത്തിയ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ "രാഷ്ട്രീയ പക്വതയില്ലായ്മയുടെ" തെളിവാണെന്നു പ്രസ്താവനയും ലേഖനം പറയുന്നു.
 തമിഴ്നാട് നിയമസഭാ ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഡിഎംകെ സഖ്യം വിട്ടത്. 
നിലവിൽ കോൺഗ്രസിനുള്ള 10 ലോകസഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും ഈ സഖ്യത്തിലൂടെ ലഭിച്ചതാണ്.

ഏതാണ്ട് 22 വർഷമായ ഡിഎംകെ സഖ്യത്തിലൂടെ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് അഞ്ച് നിയമസഭാ സീറ്റിലാണ് വിജയിച്ചത്. എന്നാൽ ഡിഎംകെയ്ക്ക് ഭൂരിപക്ഷം ഇല്ലാതെ വന്നപ്പോൾ ഉടൻ തന്നെ കൂടിയാലോചനകൾ ഇല്ലാതെ വിജയ്​യുടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളിയായതോടെ സഖ്യം ഇല്ലാതെയായി. ഇപ്പോൾ അഞ്ച് എംഎൽഎ മാരിൽ രണ്ടു പേർ മന്ത്രിമാരാണ്. ഇതോടെ കോൺഗ്രസിന് തെക്കേ ഇന്ത്യയിലെ ആറ് നിയമഭകളിൽ നാലിടത്ത് ഭരണവും മൂന്നിടത്ത് മുഖ്യമന്ത്രിമാരുമായി. തമിഴ്നാട്ടില്‍ കടുത്ത രാഷ്ട്രീയവഞ്ചനയാണ് കോണ്‍ഗ്രസ് നടത്തിയതെന്നും ഇത് ഹൈക്കമാന്‍ഡിന്‍റെ അറിവും സമ്മതത്തോടും കൂടിയാണെന്നത് ഞെട്ടിച്ചുവെന്നും ഡിഎംകെ പറയുന്നു. ഇനിയൊരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കാനില്ലെന്നും രാഹുലിന്‍റെ രാഷ്ട്രീയ പക്വതയില്ലായ്മയ്ക്ക് കൊടുക്കേണ്ടി വരുന്ന വില വലിയതാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ഐക്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചപ്പോള്‍ അമൃതിന് പകരം വിഷം കടഞ്ഞെടുത്തതിന് ഉത്തരവാദി കോണ്‍ഗ്രസാണെന്ന് കുറ്റപ്പെടുത്തിയാണ് ലേഖനം അവസാനിക്കുന്നത്.

ഇടതുപാര്‍ട്ടികള്‍, സമാജ്​വാദി പാര്‍ട്ടിയടക്കമുള്ള മറ്റുവര്‍ വിവിധ സമയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് സഖ്യത്തിലുണ്ടാക്കിയ വിള്ളലുകളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ഡിഎംകെ ചൂണ്ടിക്കാട്ടുന്നു.


News18Kerala 1 hour ago
Home Flash News