Select Location
All Locations
State
Region
City / District
‘കരാറുണ്ടായാലും ഇല്ലെങ്കിലും ഇറാനെ അതിന് അനുവദിക്കില്ല’; യുദ്ധത്തിലെ നേട്ടം വിശദീകരിച്ച് നെതന്യാഹു

‘കരാറുണ്ടായാലും ഇല്ലെങ്കിലും ഇറാനെ അതിന് അനുവദിക്കില്ല’; യുദ്ധത്തിലെ നേട്ടം വിശദീകരിച്ച് നെതന്യാഹു

ടെൽ അവീവ്: യുഎസ്-ഇറാൻ സമാധാന കരാറിന് പിന്നാലെ യുദ്ധത്തിലൂടെ ലക്ഷ്യങ്ങൾ നേടിയെന്ന് വിശദീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കരാറിനെതിരെ നേരത്തെ ഇസ്രയേൽ മന്ത്രിമാർ രംഗത്തെത്തിയിരുന്നെങ്കിലും നെതന്യാഹു വിമർശനം ഉന്നയിച്ചിട്ടില്ല. കരാറുണ്ടെങ്കിലും ഇല്ലെങ്കിലും ഇറാന് ആണവായുധങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞ നെതന്യാഹു, താൻ ഇസ്രയേലിന്റെ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം അത് സംഭവിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കവെയാണ് നെതന്യാഹുവിന്റെ പ്രതികരണങ്ങൾ.

യുദ്ധത്തിലൂടെ എന്താണ് നേടിയതെന്ന് ആളുകൾ ചോദിക്കുന്നുണ്ട്. അവരോട് തനിക്ക് പറയാനുള്ളത് ഇതാണെന്ന് പറഞ്ഞുകൊണ്ടാണ് നെതന്യാഹു വിശദീകരണം നടത്തിയത്. 'ഉടനടി ഉണ്ടാകാനിടയുള്ള ഒരു ഭീഷണിയെ നമ്മൾ തടഞ്ഞുനിർത്തി. നമ്മുടെ അമേരിക്കൻ സുഹൃത്തുക്കളോടൊപ്പം, ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാക്രമണം നമ്മൾ ആരംഭിച്ചു. ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ നമ്മൾ നിർവീര്യരാക്കി, ഭീകര ഭരണകൂടത്തിന്റെ നേതാക്കളുടെ തലവെട്ടി, ആണവ സൗകര്യങ്ങൾ തകർത്തു, അവരുടെ നിർമാണത്തിലുള്ള മിസൈലുകളും ഫാക്ടറികളും നശിപ്പിച്ചു, എണ്ണമറ്റ സൈനിക വ്യവസായങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിച്ചു, അവരുടെ നാവിക സേനയെയും വ്യോമസേനയെയും നശിപ്പിച്ചു, ഇറാനിയൻ ജനതയെ കൂട്ടക്കൊല ചെയ്ത ബാസിജ് കമാൻഡർമാരെ നിർവീര്യരാക്കി, വലിയ നാശനഷ്ടങ്ങൾ വരുത്തി. ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തി', നെതന്യാഹു പറഞ്ഞു.

എന്നാൽ, ആണവ ഭീഷണിയിൽനിന്ന് ഇസ്രയേലിനെ നമ്മൾ സംരക്ഷിച്ചു എന്നതാണ് പ്രധാനകാര്യമെന്നും അദ്ദേഹം പറഞ്ഞു. 'ഓപ്പറേഷൻ റൈസിങ് ലയണിന് തൊട്ടുമുമ്പ് ഇറാൻ ആണവായുധം ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. കൂടാതെ അവരുടെ മിസൈൽ, മറപിടിച്ചുള്ള ആണവ വ്യവസായവും കുതിപ്പിലായിരുന്നു. അന്ന് നമ്മൾ പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ ഇറാന് ഇതിനകം അണുബോംബുകൾ ഉണ്ടാകുമായിരുന്നു. അതിനർത്ഥം എന്താണ്? ലക്ഷക്കണക്കിന് ഇസ്രായേലി പൗരന്മാർ കൂട്ടക്കൊലയുടെ ഭീകരമായ അപകടത്തിൽ കഴിയേണ്ടി വരുമായിരുന്നു. നാശത്തിൽനിന്ന് ഇസ്രായേൽ രാജ്യത്തെ നമ്മൾ സംരക്ഷിച്ചു', നെതന്യാഹു പറഞ്ഞു. എന്നാൽ, ഈ പോരാട്ടം അവസാനിച്ചിട്ടില്ല. ജാഗ്രത നിലനിർത്തേണ്ടതുണ്ടെന്നും നെതന്യാഹു ഇസ്രയേലി പൗരന്മാരോടായി പറഞ്ഞു. 'നമ്മെത്തന്നെ പ്രതിരോധിക്കാൻ ശക്തരായും നിശ്ചയദാർഢ്യമുള്ളവരായും നിലകൊള്ളണം. ഇത് ഇറാനെതിരെ മാത്രമല്ല. അവർക്കുവേണ്ടി നിലകൊള്ളുന്നവർക്കെതിരേയും. അവരെ നമ്മൾ അഭൂതപൂർവമായ രീതിയിൽ ആക്രമിച്ചു. നമ്മൾ അത് ഗാസയിൽ ചെയ്തു, ലെബനനിൽ, സിറിയയിൽ, യെമനിൽ ചെയ്തു. നമ്മൾ എല്ലായിടത്തും അത് ചെയ്തു.

ഹമാസിന്റെ നേതാക്കളിൽ പലരേയും നമ്മൾ ഉന്മൂലനം ചെയ്തു. നമുക്കെതിരായ കൂട്ടക്കൊലയിൽ പങ്കെടുത്ത എല്ലാവരേയും. ഞാൻ കരുതുന്നു ഒരാൾകൂടി ബാക്കിയുണ്ട്, അദ്ദേഹത്തെയും ഉന്മൂലനം ചെയ്യും. ആയിരക്കണക്കിന് ഭീകരരെയും ഭീകരരുടെ കേന്ദ്രങ്ങളേയും നമ്മൾ നശിപ്പിച്ചു. ഗാസയിൽനിന്ന് നമ്മുടെ എല്ലാ ബന്ദികളെയും നമ്മൾ തിരികെ കൊണ്ടുവന്നു, അവസാനത്തെയാളെ വരെ. അത് സാധിക്കുമെന്ന് ആരും വിശ്വസിച്ചില്ല. ഞാൻ വിശ്വസിച്ചിരുന്നു. നമ്മൾ യഥാർത്ഥത്തിൽ ചെയ്തത് നമ്മുടെ മുഴുവൻ സുരക്ഷാ സിദ്ധാന്തവും മാറ്റിമറിച്ചു. നമ്മെത്തന്നെയും മാറ്റിമറിച്ചു. ഭയത്തിന്റെ അതിർത്തി നമ്മൾ തകർത്തു. നമ്മുടെ ജീവനെ ഭീഷണിപ്പെടുത്തുന്നവരെ നമ്മൾ ആക്രമിക്കുന്നു', നെതന്യാഹു പറഞ്ഞു.


Mathrubhumi News 1 hour ago
Home Flash News