Select Location
All Locations
State
Region
City / District
ഇതുവരെ പിടികൂടിയത് 10 കോടി രൂപയുടെ ലഹരി; കേന്ദ്ര ഏജൻസികളുടെ പിന്തുണ,ഓപ്പറേഷൻ തൂഫാൻ വിപുലപ്പെടുത്തും

ഇതുവരെ പിടികൂടിയത് 10 കോടി രൂപയുടെ ലഹരി; കേന്ദ്ര ഏജൻസികളുടെ പിന്തുണ,ഓപ്പറേഷൻ തൂഫാൻ വിപുലപ്പെടുത്തും

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ ലഹരിക്കെതിരായ കേരള പോലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ വിപുലപ്പെടുത്തും. കേന്ദ്ര ഏജൻസികളുടെ പ്രതിനിധികളുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചർച്ച നടത്തി.

ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച 15 ദിവസം പിന്നിടുമ്പോൾ 10 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടിയതായി രമേശ് ചെന്നിത്തല പറഞ്ഞു. 2575 കേസുകൾ രജിസ്റ്റർ ചെയ്തു. 2778 പേരെ അറസ്റ്റ് ചെയ്തു. 1.58 കിലോ ഗ്രാം എംഡിഎംഎ, 146.45 കിലോ ഗ്രാം കഞ്ചാവ് എന്നിവടയക്കം പിടികൂടിയലതിലുൾപ്പെടുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ലഹരി വസ്തുക്കൾ വരുന്നത് സംബന്ധിച്ച ഏകദേശരൂപം പോലീസിന് ലഭിച്ചിട്ടുണ്ടെന്നും യോഗത്തിന് ശേഷം രമേശ് ചെന്നിത്തല വ്യക്തമാക്കി. കേന്ദ്ര ഏജൻസികളെല്ലാം ഓപ്പറേഷൻ തൂഫാന് വലിയ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്നത്തെ യോഗത്തിലുണ്ടായ അഭിപ്രായങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഓപ്പറേഷൻ നടപടിക്രമങ്ങളിൽ മാറ്റംവരുത്തും. കൂടുതൽ ശാസ്ത്രീയമായ രീതികൾ അവലംബിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന് ഘട്ടമായിട്ടാകും ഓപ്പറേഷൻ മുന്നോട്ട് കൊണ്ടുപോകുക. തൂഫാൻ സ്‌ട്രൈക്‌സ്, തൂഫാൻ വാരിയേഴ്‌സ്, തൂഫാൻ കെയർ എന്നിങ്ങനെയായിരിക്കും അത്. കുറ്റകൃത്യം പിടികൂടുക, സമൂഹത്തെ പദ്ധതിയുടെ ഭാഗമാക്കി മാറ്റി ലഹരിവിരുദ്ധ പ്രചാരണം, ലഹരിക്കടിമപ്പെട്ടവരെ തിരിച്ചുകൊണ്ടുവരിക എന്നിങ്ങനെയാകും ഈ ഘട്ടങ്ങൾ. തൂഫാൻ ആരംഭിച്ചതോടെ ലഹരി മാഫിയ തത്കാലത്തേക്ക് വിതരണം നിർത്തിവെച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതൊരു തുടർപ്രക്രിയ ആയിരിക്കുമെന്നും അടിവേരറക്കുമെന്നും ചെന്നിത്തല പറഞ്ഞു.


Mathrubhumi News 1 hour ago
Home Flash News