Select Location
All Locations
State
Region
City / District
ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന ആരോപണം ഉയർന്ന ഘട്ടത്തിലൊക്കെ നടപടിക്ക് മടിച്ച സി.പി.എം. ഒടുവിൽ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നടപടിക്ക് തയ്യാറാവുകയായിരുന്നു.

ശബരിമല സ്വർണക്കൊള്ളക്കേസ് നിയമസഭാതിരഞ്ഞെടുപ്പിൽ എൽ.ഡി..എഫിന്റെ തോൽവിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി അത് കണക്കിലെടുത്ത് ജില്ലാക്കമ്മിറ്റിയോട് നടപടിയെടുക്കാൻ നിർദേശിച്ചതാണ് സസ്പെൻഷനിലേക്ക് നയിച്ചത്. എത്രകാലത്തേക്കാണ് നടപടി എന്ന് വ്യക്തമല്ല. മുതിർന്ന നേതാവ് തോമസ് ഐസക് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നു. പുറത്താക്കൽ പോലെ കടുത്ത നടപടി ആലോചിച്ചിരുന്നെങ്കിലും സസ്പെൻഷനിൽ ഒതുക്കുകയായിരുന്നു.

നടപടി വരുന്ന പക്ഷം പലതും തുറന്നുപറയേണ്ടി വരുമെന്ന് പദ്മകുമാർ അടുത്ത സുഹൃത്തുക്കളോട് കഴിഞ്ഞ ദിവസങ്ങളിൽ സൂചനനൽകുകയും ചെയ്തിരുന്നു. ഇന്നിപ്പോൾ സസ്പെൻഷനിൽ നടപടി ഒതുങ്ങുന്നതോടെ വെളിപ്പെടുത്തലുകൾക്ക് അദ്ദേഹം തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


Manorama News 2 hours ago
Home Flash News