തമിഴ്നാട്ടിൽ മന്ത്രിമാരുടെ ഫോട്ടോയും റീൽസും എടുക്കാൻ പിന്നാലെ പോകേണ്ട; QR കോഡ് സ്കാൻ ചെയ്താൽ സെൽഫി കിട്ടും
തമിഴ്നാട്ടിൽ സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ചേംബറുകളിൽ സന്ദർശകരുടെ മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഇനി മന്ത്രിമാരെ സന്ദർശിക്കുന്നവർക്ക് ചേംബറിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോ എടുക്കാനോ വീഡിയോ ചിത്രീകരിക്കാനോ സാധിക്കില്ല. എന്നാൽ സന്ദർശകർക്ക് മന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ ലഭ്യമാക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ചേംബറിന് പുറത്തായി പ്രദർശിപ്പിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത്, അന്നേ ദിവസം മന്ത്രിക്കൊപ്പമുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രം ഡൗൺലോഡ് ചെയ്യാൻ സന്ദർശകർക്ക് അവസരം ലഭിക്കും. മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ ചേംബറിൽ ഒരു സന്ദർശകൻ വീഡിയോ ചിത്രീകരിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി കൈക്കൊണ്ടത്. ഫോർട്ട് സെന്റ് ജോർജിലെ മന്ത്രിമാരുടെ ചേംബറുകളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും ഉടൻ നിരോധിക്കുമെന്ന് ഒരു മുതിർന്ന മന്ത്രി അറിയിച്ചു.
സന്ദർശകരുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ പകർത്തുന്നതിനും അവ ഓൺലൈനായി ലഭ്യമാക്കുന്നതിനുമായി ഓരോ മന്ത്രിയുടെ ഓഫീസിലും പ്രത്യേക ഫോട്ടോഗ്രാഫർമാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “സന്ദർശകരിൽ പലരും വിവിധ പരാതികളും നിവേദനങ്ങളും സമർപ്പിക്കാനാണ് എത്തുന്നത്. ചിലർ മന്ത്രിമാർക്ക് പരാതി കൈമാറിയതിന്റെ തെളിവായി ഒരു ചിത്രം പകർത്തി ബന്ധപ്പെട്ടവരുമായി പങ്കുവെക്കാനും ആഗ്രഹിക്കുന്നു. മന്ത്രിക്കൊപ്പം ഒരു ചിത്രം ലഭിക്കുന്നത് അവരുടെ പരാതികൾ പരിഗണിക്കപ്പെടുമെന്ന ആത്മവിശ്വാസം വർധിപ്പിക്കുന്നു,” എന്ന് മറ്റൊരു മന്ത്രി വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ നിരവധി മന്ത്രിമാരുടെ ഓഫീസുകളിൽ ഈ സംവിധാനം ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. മന്ത്രിമാരായ ആധവ് അർജുന, എ. ശ്രീനാഥ്, എൻ. മേരി വിൽസൺ, എ. രാജ്മോഹൻ എന്നിവരുടെ ചേംബറുകൾക്ക് പുറത്ത് QR കോഡ് ഉൾപ്പെടുത്തിയ പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
രാജ്മോഹന്റെ ഓഫീസിന് പുറത്ത് ദിവസേന പുതുക്കുന്ന QR കോഡുകളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ ദിവസവും എടുത്ത ചിത്രങ്ങളുടെ ലിങ്കുകൾ ഉൾപ്പെടുത്തിയ പ്രത്യേക ഷീറ്റുകളും അവിടെ പ്രദർശിപ്പിക്കുന്നുണ്ട്. ആധവ് അർജുനയുടെ ചേംബറിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന അറിയിപ്പിൽ, സന്ദർശകർ കൂടിക്കാഴ്ചകൾ വൈകുന്നേരം 5 മുതൽ 6 വരെ നിശ്ചയിച്ചിരിക്കുന്ന സന്ദർശക സമയത്തിനുള്ളിൽ മാത്രം നടത്തണമെന്ന് അഭ്യർഥിക്കുന്നുണ്ട്.