മോഹന്‍ലാലിനെതിരെ പരാതി; തന്റെ വാഹന നമ്പര്‍ ദൃശ്യം 3യില്‍ ഉപയോഗിച്ചു, യുവാവിന്റെ ആവശ്യം ഇങ്ങനെ
മലയാള സിനിമാ ചരിത്രത്തെ മാറ്റിമറിച്ചു ബോക്സ് ഓഫീസിൽ വിസ്മയകരമായ മോഹൻലാലിന്റെ 'ദൃശ്യം 3' ഇപ്പോൾ അപ്രതീക്ഷിതമായി നിയമപ്രശ്നത്തിലും വിവാദത്തിലും അകപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറക്കാർക്കെതിരെ പോലീസിൽ പരാതി. തന്റെ മുൻകൂർ അനുമതിയോ സമ്മതമോ ഇല്ലാതെ ചിത്രത്തിലെ സസ്പെൻസ് രംഗങ്ങളിൽ സ്വന്തം കാറിന്റെ ഒറിജിനൽ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു കർഷകനാണ് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ കാറിന്റെ നമ്പർ ഉപയോഗിച്ച വിവാദരംഗങ്ങൾ സിനിമയിൽ നിന്നും ഒഴിവാക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ചിത്രത്തിൽ നിന്നും പ്രസ്തുത സീനുകൾ നീക്കം ചെയ്യുന്നത് വരെ ഈ പ്രൊജക്റ്റിന്റെ പ്രദർശനം പൂർണ്ണമായി തടയുകയോ സിനിമയെ തിയേറ്ററുകളിൽ നിരോധിക്കുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി സ്വദേശി ആർഡി രാജീവ് എന്ന ഏലക്ക കർഷകനാണ് ചിത്രത്തിനും താരങ്ങൾക്കുമെതിരെ രംഗത്തു വന്നിരിക്കുന്നത്. ദൃശ്യം മൂന്നാം ഭാഗത്തിലെ പ്രധാന നായക കഥാപാത്രമായ ജോർജുകുട്ടി (മോഹൻലാൽ) ഓടിക്കുന്ന കാറിന് വെച്ചിരിക്കുന്ന രജിസ്ട്രേഷൻ നമ്പർ 'KL 69 D 2772' എന്നതാണ്. എന്നാൽ, ഈ നമ്പർ യഥാർത്ഥത്തിൽ സ്വന്തം ഉടമസ്ഥതയിലുള്ള കാറിന്റേതാണെന്ന് രാജീവ് പറയുന്നു.
പലരും വിളിച്ചു ചോദിച്ചു. വാഹന നമ്പര്‍ സിനിമയില്‍ ഉപയോഗിക്കാന്‍ താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് എല്ലാവരോടും പറഞ്ഞു. സിനിമ കണ്ട് ഇക്കാര്യം താന്‍ ഉറപ്പാക്കി. 25000 രൂപ മുടക്കിയാണ് താന്‍ ഈ നമ്പര്‍ സ്വന്തമാക്കിയത്. നമ്പര്‍ വിറ്റിട്ടുണ്ടോ എന്ന് ആര്‍ടിഒ ചോദിച്ചു. നിരന്തരം ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ വാഹനം എടുക്കാറില്ല. നിയമ നടപടി തുടരുമെന്നും രാജീവ് പറഞ്ഞു.
തന്റെ അറിവോ സമ്മതമോ കൈപ്പറ്റാതെ വാഹനം ചിത്രത്തിലെ സംശയാസ്പദമായ രംഗങ്ങളുമായി ബന്ധപ്പെടുത്തി ഉപയോഗിച്ചത് രാജീവിനെ അമർഷത്തിലാക്കിയിരിക്കുകയാണ്. തന്റെ അവകാശത്തിന്മേലുള്ള ലംഘനമാണ് ഇതെന്നാണ് ഇദ്ദേഹം വാദിക്കുന്നത്. മൂന്നാർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DYSP) മുൻപാകെ അദ്ദേഹം പരാതി നല്കി. പരാതിയിൽ മൂന്ന് പ്രമുഖ വ്യക്തികളെയാണ് രാജീവ് പ്രതികളാക്കിയിരിക്കുന്നത്. നായകൻ മോഹൻലാൽ, സംവിധായകൻ ജിത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവര്ക്കെതിരെയാണ് പരാതി.
'ദൃശ്യം രാജീവ്' എന്ന പരിഹാസം
തന്റെ സ്വകാര്യ ജീവിതം കടുത്ത വേദനയിലൂടെയും ആകുലതകളിലൂടെയുമാണ് കടന്നുപോകുന്നതെന്ന് രാജീവ് പറയുന്നു. തന്റെ ജീവനോപാധിയും വീട്ടിലെ നിത്യോപയോഗ വാഹനം കൂടിയായ കാറിന്റെ നമ്പർ ചിത്രത്തിലെ പ്രധാന സീനുകളിൽ പ്രത്യക്ഷപ്പെട്ടതുമുതൽ കടുത്ത പരിഹാസങ്ങൾക്കാണ് താനും തന്റെ കുടുംബവും ഇരയാകേണ്ടി വന്നത്. നാട്ടുകാരും സുഹൃത്തുക്കളും 'ദൃശ്യം രാജീവ്' എന്ന് കളിയാക്കി വിളിക്കാൻ തുടങ്ങിയത്രെ.
സിനിമയിലെ ജോർജുകുട്ടിയെപ്പോലെ റിയൽ ലൈഫിലും താൻ എന്തോ രഹസ്യമായ കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും നാട്ടിൽ പരക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം കിംവദന്തികൾ തന്റെ സമാധാനം പൂർണ്ണമായും നശിപ്പിച്ചുവെന്നും രാജീവ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇത് ഒരർത്ഥത്തിൽ തന്റെ പേരിനും പദവിക്കും മങ്ങലേൽപ്പിക്കുന്ന സാഹചര്യമാണ് ഒരുക്കിയിട്ടുള്ളത്. ഇതിനെതിരെയാണ് അദ്ദേഹം മൂന്നാറിൽ പോലീസിനെ സമീപിച്ചിരിക്കുന്നത്.