Select Location
All Locations
State
Region
City / District
പാലാ നഗരസഭയിലെ പ്രതിസന്ധി; കേരള കോൺഗ്രസ് എം- കോൺഗ്രസ്‌ സഖ്യത്തിന് തുടക്കം കുറിക്കുമോ?

പാലാ നഗരസഭയിലെ പ്രതിസന്ധി; കേരള കോൺഗ്രസ് എം- കോൺഗ്രസ്‌ സഖ്യത്തിന് തുടക്കം കുറിക്കുമോ?

കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിൽ ഉണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ അനുനയ നീക്കം സജീവമാക്കി കോൺഗ്രസ്. നിലവിലെ യുഡിഎഫ് ഭരണം വീഴ്ത്താനുള്ള തന്ത്രങ്ങളുമായി കേരള കോൺഗ്രസ് എമ്മും സജീവമാണ്. ഭരണം വീണാൽ കോൺഗ്രസുമായി സഹകരിച്ച് ഭരണത്തിൽ എത്താൻ കേരള കോൺഗ്രസ് എം തയ്യാറാകുമോ എന്നതാണ് നിർണായകമാകുക. കേരള കോൺഗ്രസ് എം -കോൺഗ്രസ്‌ സഖ്യത്തിന് പാലായിൽ തുടക്കം കുറിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവിൽ 10 അംഗങ്ങളാണ് കേരള കോൺഗ്രസ് എമ്മിന് ഉള്ളത്. 6 അംഗങ്ങൾ കോൺഗ്രസിനും 3 അംഗങ്ങൾ ജോസഫ് ഗ്രൂപ്പിനുമുണ്ട്. യുഡിഎഫ് ഭരണം വീണാൽ ബിനു പുളിക്കകണ്ടം ഉൾപ്പെടെയുള്ള സ്വതന്ത്രരുടെ പരോക്ഷ പിന്തുണയിലൂടെ അധികാരം പിടിക്കാനും കേരള കോൺഗ്രസ് എം നീക്കം നടത്തുന്നതായാണ് വിവരം. എന്നാൽ എൽഡിഎഫ് പിന്തുണയിൽ ഭരിക്കില്ലെന്നാണ് സ്വതന്ത്ര കൂട്ടായ്മ വ്യക്തമാക്കുന്നത്.

മോഷണ ആരോപണം കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് മോഷണം നടത്തിയെന്ന പരാതിയുമായി ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം‌ നിലവിൽ വന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. തന്റെ വിലപിടിപ്പുള്ള വാച്ചും സീൽ ചെയ്‌ത ചില ഫയലുകളും ബിജു മാത്യൂസ് മോഷ്‌ടിച്ചെന്നാണ് ദിയയുടെ ആരോപണം.

പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെ നഗരസഭ ഭരിക്കുന്ന യുഡിഎഫിനെ ഈ സംഭവം വലിയ പ്രതിസന്ധിയിലാക്കി‌. സംഭവത്തിന് പിന്നാലെ ടീം യുഡിഎഫിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് മൂന്ന് സ്വതന്ത്രരും ലെഫ്‌റ്റായി. തർക്കം രൂക്ഷമായതോടെ യുഡിഎഫ് ഭരണം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. തുടക്കം കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനുള്ളിലെ ഓട്ടോ സ്റ്റാൻഡുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ സംഭവങ്ങൾക്ക് തുടക്കമിട്ടത്. ചെയർപേഴ്‌സന്റെ പിതാവും കൗൺസിലറുമായ ബിനു പുളിക്കക്കണ്ടം തന്നെ മർദിച്ചുവെന്നാരോപിച്ച് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ബിജു മാത്യൂസിനൊപ്പം ചെയർപേഴ്‌സന്റെ ചേംബറിൽ പരിശോധനയ്‌ക്കെത്തി. ഈ സമയത്താണ് വാച്ചും ഫയലുകളും മോഷണം പോയതെന്നാണ് ദിയ ബിനു ആരോപിക്കുന്നത്.

കേരള കോൺഗ്രസ് എമ്മിന്റെ ഉറച്ച കോട്ടയായ പാലായിൽ വി ഡി സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇടപെട്ടാണ് സ്വതന്ത്രർക്കൊപ്പം ചേർന്ന് യുഡിഎഫ് ഭരണം പിടിച്ചത്. അതിനാൽ, ചർച്ചകളിലൂടെ ഇപ്പോഴത്തെ തർക്കങ്ങൾക്ക് പരിഹാരം കാണാനാണ് നിലവിൽ മുതിർന്ന നേതാക്കൾ ശ്രമിക്കുന്നത്. എന്നാൽ, തർക്കം പരിഹരിക്കപ്പെട്ടില്ലെങ്കിൽ നഗരസഭയുടെ ഭരണം പോലും യുഡിഎഫിന് നഷ്‌ടപ്പെടാമെന്ന സ്ഥിതിയാണ്.


News18Kerala 2 hours ago
Home Flash News