തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ, ബിജെപി വിട്ട അണ്ണാമലൈയുടെ പാർട്ടിയിൽ ചേർന്ന് രജനീകാന്തിന്റെ മരുമകൻ
തമിഴ്നാട് രാഷ്ട്രീയത്തിൽ കൗതുകകരമായ നീക്കങ്ങൾ. ബിജെപി വിട്ട മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആരംഭിച്ച പാർട്ടിയിൽ സൂപ്പർ താരം രജനീകാന്തിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ വിശാഖൻ വണങ്ങാമുടി അംഗമായിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ബിജെപിയിൽ നിന്ന് രാജി വെച്ചതിന് പിന്നാലെയാണ് വി ദി ലീഡേഴ്സ് എന്ന പേരിലുളള സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിന് അണ്ണാമലൈ തുടക്കമിട്ടത്.
ഇത് മറ്റൊരു രാഷ്ട്രീയ പരീക്ഷണം മാത്രമായി ഒതുങ്ങുമെന്ന് കരുതിയവരെ അമ്പരപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ 17 ലക്ഷത്തിലധികം പേരാണ് പാർട്ടിയിൽ അംഗത്വം എടുത്തത്. രജനീകാന്ത് കുടുംബത്തിലെ ഒരാൾ കൂടി എത്തുന്നതോടെ പ്രസ്ഥാനം കൂടുതൽ ഊർജ്ജസ്വലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ വിശാഖന്റെ കടന്നുവരവ് അണ്ണാമലൈ ലക്ഷ്യമിടുന്ന തമിഴ്നാട്ടിലെ യുവാക്കളെയും പ്രൊഫഷണലുകളെയും ആകർഷിക്കാൻ സഹായിച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
വി ദി ലീഡേഴ്സ് എന്നത് ഒരു നേതാവില്ലാത്ത ജനകീയ കൂട്ടായ്മയായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പാർട്ടിയുടെ വെബ്‌സൈറ്റിൽ അണ്ണാമലൈ സ്വയം നേതാവ് എന്നോ പ്രസിഡന്റ് എന്നോ അല്ല വിശേഷിപ്പിച്ചിരിക്കുന്നത്. പകരം ചീഫ് സെർവന്റ് അഥവാ മുഖ്യ സേവകൻ എന്നാണ്. ധാർമ്മിക രാഷ്ട്രീയം, യുവാക്കൾക്ക് മുൻഗണന, സാധാരണക്കാർക്ക് അധികാരം എന്നിവയാണ് വി ദി ലീഡേഴ്സ് മുന്നോട്ട് വെയ്ക്കുന്ന അടിസ്ഥാന ആശയങ്ങൾ. തമിഴ്നാട്ടിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 60370 സ്ഥാനാർത്ഥികളെയാണ് വി ദി ലീഡേഴ്സ് മത്സരിപ്പിക്കാൻ തയ്യാറെടുക്കുന്നത്. ഇതിൽ 40 ശതമാനത്തിലധികവും ജെൻ-സി വിഭാഗത്തിൽപ്പെടുന്ന യുവാക്കളാണ് എന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി വിജയിയെ പോലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി കുറഞ്ഞ ചെലവിൽ പ്രചാരണം നടത്തുന്ന രീതിയാണ് അണ്ണാമലൈയും സ്വീകരിക്കുന്നത്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജി വെച്ചത്. തമിഴ്‌നാട്ടിലെ വ്യക്തിപൂജാ രാഷ്ട്രീയത്തിനും കുടുംബ രാഷ്ട്രീയത്തിനും എതിരെയാണ് തന്റെ പാർട്ടി എന്നാണ് സംഘടനാ രൂപീകരണത്തിന് പിന്നാലെ കെ അണ്ണാമലൈ വ്യക്തമാക്കിയത്.ബിജെപി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളെയും താൻ ഒരുപോലെ കാണുമെന്നും തന്റെ പഴയ പാർട്ടിയെപ്പോലും വിമർശിക്കാൻ മടിക്കില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി. വ്യക്തിപൂജാ രാഷ്ട്രീയം അവസാനിപ്പിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്, അതിനാൽ വിട്ടുവീഴ്ചയില്ലാത്ത, പ്രത്യയശാസ്ത്രത്തിലൂന്നിയ രാഷ്ട്രീയ പ്രസ്ഥാനം വളർത്തിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ ആരുടെയും എതിരാളികളാകാൻ പോകുന്നില്ലെന്നും എന്നാൽ സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കും സംസ്‌കാരത്തിനും പാരമ്പര്യത്തിനും വേണ്ടി ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.