ഇറാന്‍ വജ്രായുധം പുറത്തെടുക്കുന്നു; ലോകം മുടിഞ്ഞുപോകും, കൂടുതല്‍ കുരുക്ക് സൗദി അറേബ്യയ്ക്ക്
അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിന്റെ മൂന്നാം ദിവസമാണ് ഇറാന്‍ ഹോര്‍മുസ് കടല്‍പാത അടച്ചത്. ഇറാന്റെ ഈ നീക്കം ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. എങ്കിലും മറ്റു പല വഴികളും ഉപയോഗപ്പെടുത്തി മുന്നോട്ട് പോകുകയാണ് ഗള്‍ഫ് രാജ്യങ്ങളും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളും. ഇസ്രായേല്‍ ലബ്‌നാനിലെ ആക്രമണം തുടരുന്നതിനാല്‍ എല്ലാ സമാധാന ചര്‍ച്ചകളും ഇറാന്‍ നിര്‍ത്തിവച്ചു.
തൊട്ടുപിന്നാലെ ഇറാന്‍ നടത്തിയ പ്രഖ്യാപനമാണ് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നത്. ബാബുല്‍ മന്ദിബ് കടലിടുക്ക് കൂടി അടയ്ക്കാന്‍ പോകുന്നു എന്നാണ് തസ്‌നിം വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഈ പാത അടച്ചാല്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമുള്ള ചരക്കു ഗതാഗതം സ്തംഭിക്കും. കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് ലോകം വീഴും. ഈ ആശങ്ക കാരണമാണ് അമേരിക്ക ഇസ്രായേലിനെ തിടുക്കത്തില്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ബാബുല്‍ മന്ദിബ് അടയ്ക്കുമെന്ന സൂചന വന്ന പിന്നാലെ രാജ്യാന്തര ബെഞ്ച്മാർക്കായ ബ്രെൻഡ് ക്രൂഡിന്റെ വില 6.7 ശതമാനം ഉയർന്ന് ബാരലിന് 97.28 ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ ചാലുകളിലൊന്നായ ബാബുല്‍ മന്ദിബ് കടലിടുക്കിൽ ഏർപ്പെടുത്തുന്ന ഏതൊരു തടസ്സവും ആഗോള എണ്ണവിലയെ സാരമായി ബാധിക്കും.
ബാബുല്‍ മന്ദിബ് കടലിടുക്ക് ചെങ്കടലിനെ ഏദൻ ഉൾക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്നു. അതിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് ഏകദേശം 29 കിലോമീറ്റർ മാത്രമാണ് വീതിയുള്ളത്. യമനും ആഫ്രിക്കൻ രാജ്യങ്ങളായ ജിബൂട്ടി, എറിത്രിയ എന്നിവയ്ക്കിടയിലാണ് ഈ കടലിടുക്ക് സ്ഥിതി ചെയ്യുന്നത്.
ബാബുല്‍ മന്ദിബ് തടഞ്ഞാൽ, കൂടുതൽ കപ്പലുകൾക്ക് ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി യാത്ര ചെയ്യേണ്ടിവരും. ഇത് സാധാരണഗതിയിൽ 20-25 ദിവസം എടുക്കുന്ന യാത്രയെ 30-40 ദിവസമാക്കി വർദ്ധിപ്പിക്കും. ഇത് ഷിപ്പിംഗ് ചെലവുകൾ വർദ്ധിപ്പിക്കുകയും എല്ലാ ഉൽപ്പന്നങ്ങളുടെയും വില കൂടാൻ ഇടയാക്കുകയും ചെയ്യും.
ബാബുല്‍ മന്ദിബിന്റെ നേരിട്ടുള്ള നിയന്ത്രണം ഇറാന്റെ കൈവശമില്ലെങ്കിലും, യമനിലെ തങ്ങളുടെ പ്രധാന സഖ്യകക്ഷികളായ ഹൂത്തികളിലൂടെ അവർ സ്വാധീനം ചെലുത്തുന്നു. ഈ ഗ്രൂപ്പ് ഏറ്റവും പുതിയ റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും, കടലിടുക്ക് അടച്ചിടുന്നത് ഒരു സാധ്യതയായി നിലനിൽക്കുന്നുവെന്ന് മുതിർന്ന ഹൂത്തി ഉദ്യോഗസ്ഥൻ മുഹമ്മദ് മൻസൂർ മുമ്പ് സൂചിപ്പിച്ചിരുന്നു.