Select Location
All Locations
State
Region
City / District
ജനരോഷമുണ്ടാകുമെന്ന് ഭയം, ഗുണ്ടാപ്പിരിവിലൂടെയുള്ള പണം മടക്കിനൽകി തൃണമൂൽ നേതാക്കൾ; ഗ്രാമങ്ങളിൽ യോഗം

ജനരോഷമുണ്ടാകുമെന്ന് ഭയം, ഗുണ്ടാപ്പിരിവിലൂടെയുള്ള പണം മടക്കിനൽകി തൃണമൂൽ നേതാക്കൾ; ഗ്രാമങ്ങളിൽ യോഗം

കൊൽക്കത്ത: ജനരോഷം ഭയന്ന് തൃണമൂൽ നേതാക്കൾ അനധികൃതമായി പിരിച്ചെടുത്ത പണം മടക്കിനൽകുന്നതായി റിപ്പോർട്ട്. ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലാണ് കഴിഞ്ഞദിവസം തൃണമൂൽ നേതാക്കളും പ്രവർത്തകരും 'ഗുണ്ടാപ്പിരിവി'ലൂടെ കൈക്കലാക്കിയ പണം ജനങ്ങൾക്ക് തിരികെനൽകിയത്.

പച്ഛാഘട്ട് പഞ്ചായത്തിലെ സ്‌കൂൾ മൈതാനത്ത് നാട്ടുകാരെയെല്ലാം വിളിച്ചുകൂട്ടിയാണ് തൃണമൂൽ നേതാക്കൾ പണം തിരികെ നൽകിയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇതിനുമുൻപായി പ്രത്യേക അറിയിപ്പ് നൽകിയിരുന്നു. പണം തിരികെ കിട്ടാനുള്ളവർ പേര് രജിസ്റ്റർചെയ്യാനും ആവശ്യപ്പെട്ടു. തുടർന്ന് മിക്ക പ്രാദേശിക നേതാക്കളും നേരിട്ടെത്തി ഓരോരുത്തർക്കും പണം മടക്കിനൽകി. ഒളിവിൽ കഴിയുന്ന നേതാക്കൾക്ക് പകരം അവരുടെ ബന്ധുക്കളെത്തിയാണ് പണം നൽകിയത്.

പച്ഛാഘട്ട് പഞ്ചായത്തിലെ തൃണമൂൽ ബൂത്ത് പ്രസിഡന്റായ തപൻ ദേ നേരിട്ടെത്തിയാണ് പണം കൈമാറിയത്. അതേസമയം, ഗ്രാമത്തിലെ മുതിർന്ന തൃണമൂൽ നേതാവായ ബാബായി ബർമാൻ ഒളിവിൽപോയിരിക്കുകയാണ്. ബാബായി ബർമാന് പകരം അദ്ദേഹത്തിന്റെ അച്ഛനാണ് യോഗത്തിനെത്തി പണം മടക്കിനൽകിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. കമ്മീഷന്റെ പേരിലും പ്രശ്‌നപരിഹാരത്തിനുള്ള വിഹിതമായും ഉൾപ്പെടെ തൃണമൂൽ നേതാക്കൾ നാട്ടുകാരിൽനിന്ന് വൻതോതിൽ പണം പിരിച്ചിരുന്നതായാണ് ബിജെപി നേതാക്കൾ ആരോപിക്കുന്നത്. പച്ഛാഘട്ട് പഞ്ചായത്തിൽനിന്ന് മാത്രം ഏകദേശം 80 ലക്ഷത്തോളം രൂപ തൃണമൂൽ നേതാക്കൾ പിരിച്ചെടുത്തതായാണ് ബിജെപി പ്രാദേശിക നേതാവ് സുരേന്ദ്ര ബർമാൻ പറഞ്ഞത്. ജനരോഷം ഭയന്നാണ് ഇപ്പോൾ പണം മടക്കിനൽകാൻ തൃണമൂൽ നേതാക്കൾ നിർബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു. Advertisement

അനധികൃതമായി പിരിച്ചെടുത്ത പണം തിരികെ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് പ്രദേശവാസിയായ മറ്റൊരാളും മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു ഭൂമിതർക്കം പരിഹരിക്കാമെന്ന് വാഗ്ദാനംചെയ്താണ് തൃണമൂൽ നേതാക്കൾ തന്റെ കൈയിൽനിന്ന് പണം വാങ്ങിയത്. എന്നാൽ, അവർ ഒന്നുംചെയ്തില്ല. കഴിഞ്ഞദിവസമാണ് പണം തിരികെ കൊടുക്കുന്നതായി അറിഞ്ഞത്. അപ്പോൾ തന്നെ അതിനുവേണ്ടി പേര് രജിസ്റ്റർ ചെയ്‌തെന്നും തനിക്ക് പണം തിരികെ കിട്ടിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് ബംഗാളിൽ ഗുണ്ടാപിരിവിനെത്തിയ തൃണമൂൽ നേതാവിനെ നാട്ടുകാർ തല്ലിയോടിച്ച സംഭവമുണ്ടായിരുന്നു. മാത്രമല്ല, സംസ്ഥാനത്തെ ഭരണമാറ്റത്തിന് പിന്നാലെ വിവിധയിടങ്ങളിലായി തൃണമൂൽ നേതാക്കൾക്ക് നേരേ കൈയേറ്റങ്ങളും ആക്രമണങ്ങളുമുണ്ടായി.


Mathrubhumi News 42 minutes ago
Home Flash News