Select Location
All Locations
State
Region
City / District
സിബിഎസ്ഇ പുനർമൂല്യനിർണയം: പോർട്ടൽ തുറന്നു; ഉത്തരകടലാസ് കിട്ടാൻ 100 രൂപ

സിബിഎസ്ഇ പുനർമൂല്യനിർണയം: പോർട്ടൽ തുറന്നു; ഉത്തരകടലാസ് കിട്ടാൻ 100 രൂപ

ന്യൂഡൽഹി∙ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങളുടെ മാർക്ക് പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള പോർട്ടൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ തുറന്നു. മാർക്ക് പരിശോധനയ്ക്ക് ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത കോപ്പിക്ക് 100 രൂപയും പുനർമൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 25 രൂപ വീതവും ഉദ്യോഗാർഥികൾ ഫീസ് അടയ്ക്കണം. ഓൺലൈൻ വഴിയാണ് പണം അടയ്ക്കേേണ്ടത്. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപായി പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള നിർദ്ദേശങ്ങൾ അടങ്ങിയ വിഡിയോ വിദ്യാർഥികൾ ശ്രദ്ധാപൂർവം കാണണമെന്ന് എക്സിലെ പോസ്റ്റിലൂടെ സിബിഎസ്ഇ ആവശ്യപ്പെട്ടു. മാർക്ക് പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും എങ്ങനെ അപേക്ഷിക്കണം എന്നതിനെക്കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾ ബോർഡ് നൽകിയിട്ടുണ്ട്.

പുനർമൂല്യനിർണയ പ്രക്രിയയ്ക്കും മാർക്ക് പരിശോധനയ്ക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in ൽ ഇതിനായുള്ള ലിങ്ക് ലഭിക്കും. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ലഭിച്ച ഉദ്യോഗാർഥികൾക്കായി മെയ് 29 ന് പോർട്ടൽ തുറക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, പിഴവുകൾ ഒഴിവാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ ഇത് ജൂൺ ഒന്നിലേക്ക് മാറ്റുകയായിരുന്നു. സാങ്കേതിക തകരാർ കാരണം ഇന്നലെ പോർട്ടൽ തുറക്കാനായില്ല.

വിദ്യാർഥികൾക്ക് മെയ് 19 നും മെയ് 25 നും ഇടയിൽ അവരുടെ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾക്കായി അപേക്ഷിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ സാങ്കേതിക തകരാർ കാരണം മേയ് 26ന് ശേഷം പോർട്ടലിലേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നു. പരീക്ഷയെഴുതിയ 17.68 ലക്ഷം വിദ്യാർഥികളിൽ 4 ലക്ഷത്തിലേറെപ്പേരും മാർക്ക് കുറഞ്ഞതിനാൽ ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധനയ്ക്കായി വാങ്ങിയിരുന്നു. ഉത്തരക്കടലാസുകളുടെ സ്കാനിങ്ങിലെ പിഴവ് വ്യക്തമായതോടെ ഇവരെല്ലാം പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകുമെന്നു സൂചനയുണ്ടായിട്ടും കുറ്റമറ്റ സംവിധാനമൊരുക്കാത്തതാണ് വിമർശനത്തിന് ഇടയാക്കിയത്. സിബിഎസ്ഇയുടെ വീഴ്ചയ്ക്കു വിദ്യാർഥികളുടെ പോക്കറ്റടിക്കുകയാണ് കേന്ദ്രസർക്കാരെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.


Manorama News 59 minutes ago
Home Flash News