മുഖ്യമന്ത്രിയല്ല, ഞാൻ നിങ്ങളുടെ മുഖ്യ സേവകൻ..! രാഷ്ട്രീയ എതിരാളികൾക്ക് ജനക്കൂട്ടത്തെ സാക്ഷിയാക്കി വിജയുടെ മറുപടി
ചെന്നൈ: തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയുമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. "വിമർശനങ്ങൾ ഇനിയും വരട്ടെ" എന്നായിരുന്നു എതിരാളികൾക്ക് വിജയ് മറുപടി നൽകിയത്. അധികാരം ഏറ്റെടുത്ത ശേഷമുള്ള തന്റെ ആദ്യത്തെ നന്ദി റാലിയാണ് തിരുച്ചിറപ്പള്ളിയിൽ നടന്നത്. ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് തന്റെ സർക്കാരിനെ തുടക്കത്തിലേ ലക്ഷ്യമിടുന്നവർക്ക് വിജയ് മറുപടി നൽകിയത്.
ഡിഎംകെയ്ക്ക് എതിരെ രൂക്ഷ വിമർശനമാണ് വിജയ് ഉന്നയിച്ചത്. ടിവികെ സർക്കാർ അധികാരത്തിൽ വന്നിട്ട് ഏതാനും ആഴ്ചകൾ പോലും തികഞ്ഞിട്ടില്ല. ഇതിനിടെ ആറുമാസത്തേക്ക് മിണ്ടാതിരിക്കുമെന്ന് പറഞ്ഞവർക്ക് ആറുദിവസം പോലും മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. സർക്കാർ അധികാരമേറ്റ് മണിക്കൂറിനുള്ളിൽ തന്നെ അവർ പരാതികളുമായി വന്നു. പ്രതിപക്ഷം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ജനവിധി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഷങ്ങളായി മാറിമാറി ഭരിച്ച് തമിഴ്‌നാട്ടിലെ ജനങ്ങളെ വഞ്ചിച്ച രണ്ട് പാർട്ടികളെയും ഇവിടുത്തെ ജനങ്ങൾ പൂർണ്ണമായി തള്ളിക്കളഞ്ഞു കഴിഞ്ഞുവെന്നും വിജയ് പറഞ്ഞു.
മുഖ്യമന്ത്രിയായായല്ല, മറിച്ച് നിങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി ജോലി ചെയ്യാൻ വന്ന നിങ്ങളുടെ മുഖ്യ സേവകനായാണ് നിങ്ങൾ തെരഞ്ഞെടുത്തതെന്ന് വിജയ് പറഞ്ഞു. തമിഴക വെട്രി കഴകത്തിന് നിങ്ങൾ നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നു. തന്നിൽ അർപ്പിച്ച വിശ്വാസത്തിന് വോട്ടർമാർക്ക് വിജയ് നന്ദി പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് വിജയം തന്റേത് മാത്രമല്ലെന്നും തമിഴ്‌നാട്ടിലെ ജനങ്ങളുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനസേവനമായിരിക്കും തന്റെ സർക്കാരിന്റെ പ്രധാന ലക്ഷ്യം. തന്നെ തിരഞ്ഞെടുത്ത ജനതയോട് എപ്പോഴും ഉത്തരവാദിത്തമുള്ളവനായിരിക്കുമെന്നും വിജയ് വ്യക്തമാക്കി. അതേസമയം തമിഴ്‌നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സജീവമായി പങ്കാളികളാകാൻ പുതിയ തലമുറയിലെ (Gen Z) വോട്ടർമാരോട് വിജയ് ആഹ്വാനം ചെയ്തു. ഭരണ സംവിധാനത്തിൽ വിദ്യാഭ്യാസം, മികച്ച അവസരങ്ങൾ, യുവാക്കളുടെ പങ്കാളിത്തം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിൽ യുവാക്കളാണ് ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളെന്നും വിജയ് ചൂണ്ടിക്കാട്ടി.