ഇറാൻ തീരത്തെ യുഎസ് ബോംബാക്രമണത്തിൽ 4 ഇറാൻ സൈനികർ കൊല്ലപ്പെട്ടു?
ടെഹ്റാൻ / വാഷിങ്ടൻ ∙ സമാധാനചർച്ച തുടരുന്നതിനിടെ, തെക്കൻ ഇറാൻ തീരത്ത് യുഎസ് ബോംബാക്രമണം. ഇറാന്റെ മിസൈൽ താവളങ്ങളും ജലബോംബ് വയ്ക്കുന്ന ബോട്ടുകളും സ്വയരക്ഷാർഥം ആക്രമിച്ചതായി യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് പറഞ്ഞു. വ്യോമാതിർത്തി ലംഘിച്ച യുഎസിന്റെ എംക്യു9 റീപ്പർ ഡ്രോൺ വെടിവച്ചുവീഴ്ത്തിയെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ് അറിയിച്ചു.
എഫ് 35 പോർവിമാനത്തെ വെടിവച്ചു തുരത്തിയെന്നും ഇറാൻ സേന അവകാശപ്പെട്ടു. ഇറാന്റെ സേനാ തുറമുഖവും വിമാനത്താവളവും സ്ഥിതി ചെയ്യുന്ന ഹോർമുസിലെ തീരനഗരമായ ബന്ദർ അബ്ബാസിൽ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ 4 ഇറാൻ സൈനികർ കൊല്ലപ്പെട്ടതായി വിവരമുണ്ട്.
യുഎസ് സൈനികരുടെ സുരക്ഷ കണക്കിലെടുത്താണ് ഇറാൻ സേനാകേന്ദ്രങ്ങൾ ആക്രമിച്ചതെന്ന് സെൻട്രൽ കമാൻഡ് പറഞ്ഞു. വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചെന്ന് ഇറാൻ കുറ്റപ്പെടുത്തി. അതേസമയം, ഇറാനുമായി കരാറാകാൻ ഏതാനും ദിവസംകൂടിയെടുക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. കഴിഞ്ഞദിവസം ഖത്തറിലെത്തിയ ഇറാൻ നേതാക്കൾ ചർച്ച പൂർത്തിയാക്കി മടങ്ങി. യുഎസ്–ഇറാൻ സമാധാനക്കരാറിന്റെ ഭാഗമാകാൻ സൗദിയും ഖത്തറുമടക്കം രാജ്യങ്ങൾ, ഇസ്രയേലിനെ അംഗീകരിച്ച് ബന്ധം സാധാരണനിലയിലാക്കുന്ന ഏബ്രഹാം ഉടമ്പടിയിൽ ഒപ്പുവയ്ക്കണമെന്ന പുതിയ വ്യവസ്ഥ കൂടി കഴിഞ്ഞദിവസം ട്രംപ് മുന്നോട്ടുവച്ചിട്ടുണ്ട്. ഉടമ്പടിയിൽ ചേരാൻ പാക്കിസ്ഥാൻ അടക്കം ഒട്ടേറെ അറബ്–മുസ്‌ലിം രാജ്യങ്ങളെയും ട്രംപ് ക്ഷണിച്ചു. അതേസമയം, പശ്ചിമേഷ്യയിലൊരിടവും ഇനി യുഎസിന് സുരക്ഷിതമായ താവളമല്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മുജ്‌തബ ഖമനയി ടെലിഗ്രാം ചാനലിൽ കുറിച്ചു.