ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി
തൃശൂര്‍: ശബരിമലയുടെ സുരക്ഷ ആശങ്കയിലെന്ന് ഹിന്ദു ഐക്യവേദി. ചാലക്കുടിയില്‍ നടന്ന സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ആശങ്ക രേഖപ്പെടുത്തിയത്. കേരളത്തില്‍ എഴുത്തച്ഛന്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക മാനബിന്ദുക്കള്‍ക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങളിലും സമ്മേളനം അംഗീകരിച്ച പ്രമേയം ആശങ്ക പ്രകടിപ്പിച്ചു. ശബരിമല ക്ഷേത്രത്തില്‍ അതീവസുരക്ഷാ വീഴ്ചയാണ് നിരന്തരം ഉണ്ടാകുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ പല പ്രവശ്യം പറന്നതും, നട അടച്ചിട്ടിരിക്കുന്ന സമയത്ത് ഉത്തരവാദപ്പെട്ടവര്‍ അറിയാതെ ഒരു യൂട്യൂബര്‍ പതിനെട്ടാം പടിയുടെ സമീപം വരെ എത്തി ചിത്രീകരണം നടത്തുകയും പ്രക്ഷേപണം നടത്തുകയും ചെയ്തതും വലിയ സുരക്ഷാ വീഴ്ചയാണ്. ശബരിമലയുടെ സമീപപ്രദേശമായ കോന്നി പാടം വനപ്രദേശത്ത് ഉഗ്രസ്‌ഫോടനശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയതില്‍ പ്രതികളെ കണ്ടെത്തിയിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് തിരുവാഭരണപാതയില്‍ വടശ്ശേരിക്കര ഞാറക്കടവ് പാലത്തിന്റെ തൂണിന്റെ താഴെ നിന്നും ഉഗ്രസ്‌ഫോടനശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. അതീവ സുരക്ഷാ ഭീഷണിയുള്ള ശബരിമല ക്ഷേത്രത്തിന്റെ സംരക്ഷണത്തിന് സായുധസേനയെ നിയോഗിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
ക്ഷേത്രത്തിലെ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ എസ്‌ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കുകയോ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം. യുവതീപ്രവേശത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ അമ്മമാര്‍ ഉള്‍പ്പെടെയുള്ള അയ്യപ്പഭക്തര്‍ സമാധാനപരമായി നടത്തിയ നാമജപ പ്രതിഷേധത്തിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ എടുത്ത കള്ളക്കേസുകള്‍ മുഴുവന്‍ പിന്‍വലിക്കണം. വണ്ടിപ്പെരിയാറില്‍ നിന്നും ശബരിമലക്ക് പോകുന്ന കാനനപാത തുറന്നു നല്‍കണമെന്നും പത്തനംതിട്ടയില്‍ ഒരു മെഡിക്കല്‍ കോളജ് സ്ഥാപിച്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഗുണനിലവാരമുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ സര്‍ക്കാരിനോടാവശ്യപ്പെടുന്നു. കേരളത്തിന്റെ പൈതൃകത്തേയും സംസ്‌കാരിക മാനബിന്ദുക്കളേയും വികലമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. വിഷു ആശംസയുടെ മറവില്‍ വെണ്ണക്കണ്ണനെ കുഴിമന്തിക്കണ്ണനാക്കാനുള്ള ശ്രമം ബോധപൂര്‍വ്വം ആയിരുന്നു. ഇതിന്റെ പുറകിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം.
മലയാള ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ജീവിച്ചിരുന്നില്ല എന്നും മലയാള ഭാഷയുടെ ഉപജ്ഞാതാക്കള്‍ ക്രൈസ്തവ മിഷണറിമാര്‍ ആണെന്നുമുള്ള പുതിയ ആഖ്യാനങ്ങള്‍ ഗൗരവമായി കാണേണ്ടതാണ്. വട്ടെഴുത്ത്, കോലെഴുത്ത് എന്ന ശൈലി സ്വീകരിച്ച കാലത്തുനിന്നും സംസ്‌കൃത അക്ഷരങ്ങള്‍ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധം മലയാളഭാഷക്ക് അടിത്തറ പാകിയത് തുഞ്ചത്ത് എഴുത്തച്ഛനായിരുന്നു. തുഞ്ചത്തെഴുത്തഛന്‍ ജീവിച്ചിരുന്നില്ല എന്ന പരാമര്‍ശത്തില്‍ സംസ്‌കാരിക കേരളം പുലര്‍ത്തിയ മൗനം അക്ഷന്തവ്യമായ അപരാധമാണ്. സംസ്‌കാരിക കേരളത്തിന്റെ മഹാകവിയും എസ്എന്‍ഡിപി യോഗത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയുമായ കുമാരനാശാന്റെ ജന്മഗൃഹമായ കായിക്കര ഗ്രാമത്തിലെ തൊമ്മന്‍വിളാകം എന്ന വീട് അനധികൃതമായി കയ്യേറാനുള്ള സംഘടിത ക്രൈസ്തവ മതവിഭാഗത്തിന്റെ ശ്രമവും അവിടെ മത്സ്യവിപണന കേന്ദ്രം ആരംഭിക്കാന്‍ അനുവാദം നല്‍കിയതും അപലപനീയമാണ്. കുമാരനാശാന്റെ കുടുംബസ്വത്ത് ഏറ്റെടുത്ത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ശങ്കരാചാര്യരേയും, ശങ്കര ദര്‍ശനങ്ങളേയും അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്ന കേന്ദ്രമായി മാറിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതവിദ്യഭാസ വകുപ്പ് ഇടപെട്ട് ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലായെ സംരക്ഷിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നു.