Select Location
All Locations
State
Region
City / District
രണ്ടരവർഷത്തെ ധാരണ 3 കൊല്ലമായിട്ടും നടന്നില്ല; സിദ്ധരാമയ്യയെ വിളിപ്പിച്ച് ഹൈക്കമാൻഡ്, ഡികെയും ഡൽഹിയിൽ

രണ്ടരവർഷത്തെ ധാരണ 3 കൊല്ലമായിട്ടും നടന്നില്ല; സിദ്ധരാമയ്യയെ വിളിപ്പിച്ച് ഹൈക്കമാൻഡ്, ഡികെയും ഡൽഹിയിൽ

ന്യൂഡൽഹി: കർണാടകയിലെ നേതൃമാറ്റത്തിൽ ഇന്ന് നിർണായക ചർച്ച. മുഖ്യമന്ത്രി സിദ്ധരാമയ്യ ഡൽഹിയിലെത്തി. രാവിലെ 11 മണിയോടെ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം. രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറിന് നൽകുമെന്നായിരുന്നു മുൻധാരണ. എന്നാൽ അധികാരത്തിലേറി മൂന്ന് വർഷമായിട്ടും ഈ ധാരണ നടപ്പിലാകാതെ വന്നതോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ധരാമയ്യയെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യവുമായി ഏറെ സമാനതകളുള്ള രാഷ്ട്രീയ സാഹചര്യമാണ് കർണാടകയിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയും നിലനിന്നിരുന്നത്. കേരളത്തിൽ മുഖ്യമന്ത്രി ചർച്ച കൊടുംപിരി കൊണ്ട സമയത്ത്, കർണാടകയെ മാതൃകയാക്കണം എന്നായിരുന്നു കെ.സി. വേണുഗോപാൽ അനുകൂലപക്ഷം ആവശ്യപ്പെട്ടിരുന്നത്. എംഎൽഎമാരുടെ നിലപാട് നോക്കിയായിരുന്നു കർണാടകയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.

തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ വി.ഡി. സതീശൻ കോൺഗ്രസ് പ്രവർത്തകരെ എങ്ങനെയാണോ നയിച്ചത് അതിന് സമാനമായിരുന്നു കർണാടകയിലെ ഡി.കെ. ശിവകുമാറിന്റെ പ്രകടനം. കർണാടകയിൽ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ചതും മികച്ച വിജയം നേടാൻ വേണ്ട സാഹചര്യങ്ങളെല്ലാം ഒരുക്കിയതും ഡി.കെ. ആയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ 136 എംഎൽഎമാരിൽ 100 പേരുടെ പിന്തുണയും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിനാണ് പിന്തുണ അറിയിച്ചത്. കർണാടക കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാവാണ് എന്നതടക്കം നിരവധി ഘടകങ്ങൾ സിദ്ധരാമയ്യയ്ക്ക് അനുകൂലമായിരുന്നു. ഡി.കെ. ശിവകുമാറോ സിദ്ധരാമയ്യയോ എന്ന ചോദ്യം കൊടുമ്പിരി കൊണ്ടതോടെയാണ് ടേം വ്യവസ്ഥയിൽ ഇരുവരും മുഖ്യമന്ത്രിമാരാവട്ടെ എന്ന ധാരണ ഉണ്ടാകുന്നത്. രണ്ടരവർഷം സിദ്ധരാമയ്യയും അടുത്ത രണ്ടരവർഷം ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിമാരാകട്ടെ എന്ന ധാരണയാണ് ഉണ്ടാക്കിയിരുന്നത് എന്നാണ് ഡി.കെ. പക്ഷം അവകാശപ്പെടുന്നത്.

ഈ ധാരണപ്രകാരം, കഴിഞ്ഞ വർഷം നവംബറോടെ സിദ്ധരാമയ്യയുടെ രണ്ടര വർഷം പൂർത്തിയായിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ഡി.കെ.യ്ക്ക് നൽകുന്നത് സംബന്ധിച്ച് യാതൊരു നീക്കുപോക്കും ഉണ്ടായില്ല. സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞ്, ഏറ്റവും ജനകീയനായ ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കണം എന്നാണ് പാർട്ടി പ്രവർത്തകർ ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായ ചർച്ചകൾക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട് എന്ന് ഇരുനേതാക്കളും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് സിദ്ധരാമയ്യ ഡൽഹിയിലേക്ക് പുറപ്പെട്ടത്. ഡി.കെ. ശിവകുമാർ ഇന്ന് രാവിലെ ഡൽഹിയിലേക്ക് പുറപ്പെട്ടതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്. രാവിലെ 11 മണിയോടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽവെച്ചാണ് ചർച്ചകൾ നടക്കുക. യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കുമെന്നാണ് വിവരം.


Mathrubhumi News 50 minutes ago
Home Flash News