Select Location
All Locations
State
Region
City / District
‘UDF 100 സീറ്റ് നേടിയാൽ രാജി’: മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി, അങ്ങനെ പലതും പറഞ്ഞുകാണുമെന്ന് പ്രതികരണം

‘UDF 100 സീറ്റ് നേടിയാൽ രാജി’: മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി, അങ്ങനെ പലതും പറഞ്ഞുകാണുമെന്ന് പ്രതികരണം

ആലപ്പുഴ: യുഡിഎഫിന് നൂറുസീറ്റ് കിട്ടിയാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനത്തിൽ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ. ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ 'അങ്ങനെ പലരും പലതും പറഞ്ഞുകാണും' എന്നുമാത്രമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

2025 ജൂലായിലാണ് പറവൂരിൽ നടന്ന ചടങ്ങിൽ വെള്ളാപ്പള്ളി വി.ഡി. സതീശനെ വെല്ലുവിളിക്കുകയും 100 സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്ന് പറയുകയുംചെയ്തത്. സതീശന് അഹങ്കാരമാണെന്നും മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരമെന്നും വെള്ളാപ്പള്ളി അന്ന് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ അഹങ്കാരം പറയുന്നവർക്ക് തോറ്റ ചരിത്രമുണ്ട്. 100 പേരെ ജയിപ്പിക്കുമെന്നാണ് സതീശൻ പറയുന്നത്. അയാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ താൻ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്നും യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചിരുന്നു. 100 സീറ്റ് കിട്ടിയില്ലെങ്കിൽ സതീശൻ രാജിവെച്ച് വനവാസത്തിന് പോകുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വി.ഡി. സതീശൻ അദ്ദേഹത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുകയുണ്ടായി. യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനായില്ലെങ്കിൽ വനവാസത്തിന് പോകുമെന്നായിരുന്നു സതീശന്റെ വാക്കുകൾ. പകരം വെള്ളാപ്പള്ളിയോട് വെല്ലുവിളിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്നതിൽ വെള്ളാപ്പള്ളിക്ക് സംശയമില്ലല്ലോ, പിന്നെ നൂറ് സീറ്റ് കവിഞ്ഞുപോകാനുള്ള നാലഞ്ച് സീറ്റല്ലേ, അത് ഞങ്ങൾ കഠിനാധ്വാനംചെയ്ത് നൂറിലധികം സീറ്റാക്കുമെന്നും സതീശൻ പറഞ്ഞിരുന്നു.


Mathrubhumi News 2 days ago
Home Flash News