വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്; TVK സഖ്യം തദ്ദേശ-ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരും
ചെന്നൈ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഒടുവിൽ തമിഴ്‌നാട്ടിൽ ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സർക്കാർ രൂപീകരണത്തിനായി വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണും. വൈകീട്ട് മൂന്ന് മണിയോടെയാണ് കൂടിക്കാഴ്ച.
സർക്കാർ രൂപീകരണത്തിന് മാത്രമല്ല ഭാവിയിലെ തിരഞ്ഞെടുപ്പുകളിലും ഈ സഖ്യം തുടരുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ മാത്രമല്ല കേന്ദ്രത്തിലും ഇത് വലിയ മാറ്റങ്ങൾക്ക് വഴിത്തിരിവാകും. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നടപടി പിന്നിൽനിന്നുള്ള കുത്താണെന്ന് നേരത്തെ ഡിഎംകെ ആരോപിച്ചിരുന്നു.
ഭരണഘടനാ തത്വങ്ങളിൽ വിശ്വസിക്കുന്ന മതനിരപേക്ഷവും പുരോഗമനപരവും ജനക്ഷേമപരവുമായ ഒരു സർക്കാരിന് വേണ്ടി തമിഴ്നാട്ടിലെ ജനങ്ങൾ, പ്രത്യേകിച്ച് യുവാക്കൾ വ്യക്തവും ശക്തവും ഉജ്ജ്വലവുമായ ഒരു വിധി നൽകിയിരിക്കുകയാണ്. രാജ്യത്തെ മതനിരപേക്ഷ, പുരോഗമന ജനക്ഷേമ രാഷ്ട്രീയത്തിന്റെ സ്ഥാപക പാർട്ടിയാണ് കോൺഗ്രസ്. തമിഴ്നാട്ടിലെ ജനങ്ങളുടെ ഈ ജനവിധിയെ ബഹുമാനിക്കുകയും ഉയർത്തിപ്പിടിക്കുകയും അത് നടപ്പിലാക്കാൻ സഹായിക്കുകയും ചെയ്യുക എന്നത് ഞങ്ങളുടെ ഭരണഘടനാപരമായ കടമയാണ്.അതുകൊണ്ട് സർക്കാർ രൂപീകരിക്കുന്നതിന് ടിവികെയ്ക്ക് പൂർണ്ണ പിന്തുണ നൽകാൻ തീരുമാനിച്ചു' തമിഴ്‌നാട് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. പരസ്പര ബഹുമാനം, അർഹമായ പങ്കാളിത്തം, ഉത്തരവാദിത്തം എന്നിവയിൽ അധിഷ്ഠിതമായ ഈ സഖ്യം സർക്കാർ രൂപീകരണത്തിന് മാത്രമല്ല, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിഞ്ഞെടുപ്പ്, ലോക്സഭ, രാജ്യസഭ തിരഞ്ഞെടുപ്പുകളിലും തുടരുമെന്ന് തമിഴ്‌നാട് കോൺഗ്രസ് അറിയിച്ചു.
നിയമസഭാതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിജയ് മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് ഗവർണർക്ക് കത്തുനൽകിയിട്ടുണ്ട്. പെരമ്പൂർ, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽനിന്ന് വിജയിച്ച വിജയ് തിരുച്ചിയിലെ എം.എൽ.എ. സ്ഥാനം രാജിവെക്കുമെന്ന് യോഗത്തെ അറിയിച്ചു. 108 സീറ്റുള്ള ടി.വി.കെ.യുടെ അംഗബലം അതോടെ 107 ആയി ചുരുങ്ങും. 234 അംഗ സഭയിൽ കേവലഭൂരിപക്ഷം ഉറപ്പിക്കുന്നതിന് 118 സീറ്റാണുവേണ്ടത്. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചെറുകക്ഷികളുടെ സഹായത്തോടെ ലക്ഷ്യത്തിലെത്താനാവുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കാത്ത വർഗീയ ശക്തികളെ ഈ സഖ്യത്തിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് വിധേയമായിരിക്കും തങ്ങളുടെ പിന്തുണയെന്നും കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.