ഇറാനുമായി ഉടമ്പടിക്ക് സാധ്യത; 'പ്രോജക്റ്റ് ഫ്രീഡം' താൽക്കാലികമായി നിർത്തിവെച്ച് ട്രംപ്; ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടരും
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ചരക്കുകപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ആവിഷ്കരിച്ച സൈനിക പദ്ധതിയായ പ്രോജക്റ്റ് ഫ്രീഡം താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ഇറാനുമായുള്ള ചർച്ചകളിൽ മികച്ച പുരോഗതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
News18
News18
ഇറാനുമായുള്ള സമാധാന ചർച്ചകൾ ഒരു അന്തിമ കരാറിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
'പാകിസ്ഥാന്റെയും മറ്റ് രാജ്യങ്ങളുടെയും അഭ്യർത്ഥന പ്രകാരം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ നീക്കം കുറച്ചു കാലത്തേക്ക് നിർത്തിവെക്കാൻ ഞങ്ങൾ തീരുമാനിച്ചു. കരാർ ഒപ്പിടാൻ കഴിയുമോ എന്ന് പരിശോധിക്കാനാണ് ഈ ഇടവേള. എന്നാൽ ഇറാനുമേലുള്ള ഉപരോധം മാറ്റമില്ലാതെ തുടരും,' ട്രംപ് കുറിച്ചു.
എന്താണ് പ്രോജക്റ്റ് ഫ്രീഡം?
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിപ്പോയ വിവിധ രാജ്യങ്ങളുടെ ചരക്കുകപ്പലുകളെ യുഎസ് സൈന്യത്തിന്റെ സഹായത്തോടെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള പദ്ധതിയാണിത്. പല കപ്പലുകളിലും ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും തീർന്നുപോയ സാഹചര്യം പരിഗണിച്ച് ഇതൊരു മാനുഷിക ദൗത്യമായാണ് യുഎസ് അവതരിപ്പിച്ചത്. യുദ്ധത്തിൽ നേരിട്ട് പങ്കാളികളല്ലാത്ത രാജ്യങ്ങളുടെ കപ്പലുകളെയും അവയിലെ ജീവനക്കാരെയും സഹായിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
അതേസമയം, നയതന്ത്ര ചർച്ചകളുടെ സാധ്യത പരിശോധിക്കാനാണ് സൈനിക നീക്കം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇറാൻ തങ്ങളുടെ ആണവ പദ്ധതികളിൽ യുഎസ് മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കുകയും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ തയ്യാറാവുകയും ചെയ്താൽ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.