BSF ആസ്ഥാനത്തിന് പുറത്ത് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു, പിന്നാലെ അമൃത്സറിൽ സ്‌ഫോടനം; പഞ്ചാബിൽ ജാഗ്രത
ജലന്ധർ: മണിക്കൂറുകൾക്കിടെ പഞ്ചാബിലെ രണ്ടിടങ്ങളിലായി സ്‌ഫോടനവും പൊട്ടിത്തെറിയും. ജലന്ധറിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ച സംഭവവും അമൃത്സറിലെ ഖാസാ കന്റോൺമെന്റ് മേഖലയിൽ സ്‌ഫോടനവുമാണുണ്ടായത്. സ്‌കൂട്ടർ പൊട്ടിത്തെറിച്ചതിന് പിന്നാലെ തീപടർന്ന് സ്‌കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 10.50-ഓടെയാണ് അമൃത്സറിലെ ഖാസാ കന്റോൺമെന്റിന് സമീപം സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വിവരമറിഞ്ഞ് പോലീസും സൈനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും തെളിവുകൾ ശേഖരിക്കുകയാണെന്നും അമൃത്സർ എസ്പി ആദിത്യ എസ്. വാരിയർ മാധ്യമങ്ങളോട് പറഞ്ഞു.
അമൃത്സറിലെ സ്‌ഫോടനത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ജലന്ധറിൽ ദുരൂഹമായ പൊട്ടിത്തെറിയുണ്ടായത്. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിന് തീപിടിച്ച് സ്‌കൂട്ടറുടമയായ ഗുർപ്രീത് സിങ്ങി(22)ന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാൾ ഡെലിവറി ജീവനക്കാരനാണ്.
അതേസമയം, സ്‌കൂട്ടറിന് തീപിടിച്ച സംഭവം പൊട്ടിത്തെറിയാണോ അതോ അപകടമാണോ എന്നകാര്യം സ്ഥിരീകരിക്കാനാകില്ലെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ, സ്‌കൂട്ടറിന് തീപടരുന്നതിന് മുൻപ് സ്‌ഫോടനശബ്ദം പോലെ കേട്ടതായി സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. അതിനിടെ, സ്‌കൂട്ടറിന് നേരേ ആരോ എന്തോ വസ്തു എറിഞ്ഞെന്നും ഇതിനുശേഷമാണ് സ്‌കൂട്ടർ പൊട്ടിത്തെറിച്ചതെന്നുമാണ് ഉടമയുടെ ബന്ധുക്കൾ പറയുന്നത്. ഗുർപ്രീത് സിങ് ഈ സമയം സ്‌കൂട്ടറിൽനിന്ന് ഇറങ്ങിയതിനാലാണ് വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും ഇവർ പറഞ്ഞു.
രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ പഞ്ചാബിൽ പോലീസും സൈന്യവും ജാഗ്രത പുലർത്തുന്നുണ്ട്. പ്രധാന മേഖലകളിലെല്ലാം സുരക്ഷ ശക്തമാക്കി.