Select Location
All Locations
State
Region
City / District
'10 വര്‍ഷം അങ്ങേയറ്റം ആത്മാര്‍ത്ഥമായാണ് പ്രവര്‍ത്തിച്ചത്, ജനവിധി അംഗീകരിക്കുന്നു'

'10 വര്‍ഷം അങ്ങേയറ്റം ആത്മാര്‍ത്ഥമായാണ് പ്രവര്‍ത്തിച്ചത്, ജനവിധി അംഗീകരിക്കുന്നു'

ജയവും പരാജയവും ഒരേ മനസോടെ സ്വീകരിക്കുകയാണെന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ്. കഴിഞ്ഞ 10 വര്‍ഷം അങ്ങേയറ്റം ആത്മാര്‍ത്ഥമായി, സത്യസന്ധമായി മണ്ഡലത്തിന് വേണ്ടി അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുവെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. '2016ല്‍, പുതിയ ആറന്മുള മണ്ഡലത്തിൽ ആദ്യമായിട്ടാണ്, ( പത്തനംതിട്ടയില്‍ അരനൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി ‍) ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ജയിക്കുന്നത്. അന്ന് 7646 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2021ല്‍ 19003 ഭൂരിപക്ഷത്തോടെ വിജയം ആവര്‍ത്തിച്ചു. 10 വര്‍ഷം അങ്ങേയറ്റം ആത്മാര്‍ത്ഥമായാണ് പ്രവര്‍ത്തിച്ചത്.

വികസനമെന്നത് സ്വപ്‌നം മാത്രമായിരുന്ന ആറന്മുളയെ വികസനസ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്ന മണ്ഡലമാക്കാൻ കഴിഞ്ഞു. എല്ലാ പ്രതിസന്ധികളിലും ഒപ്പം നിന്ന പ്രിയപ്പെട്ടവർക്ക് നന്ദി. ജനവിധി അംഗീകരിക്കുന്നു. ആറന്മുളയിൽ ഈ കാലയളവിൽ തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു'. – വീണ ജോര്‍ജ് കുറിച്ചു. മുഖ്യമന്ത്രി വിയര്‍ത്തു ജയിച്ചപ്പോള്‍ രണ്ടാം പിണറായി മന്ത്രിസഭയിലെ 13 മന്ത്രിമാരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. സര്‍ക്കാരിന്‍റെ മുഖങ്ങളായിരുന്നവര്‍ ജില്ലകള്‍തോറും തോല്‍ക്കുന്ന വമ്പന്‍ പരാജയമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഏറ്റുവാങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ 21 പേരുള്ള മന്ത്രിസഭയിലെ 13 മന്ത്രിമാരെയാണ് ജനം തിരസ്ക്കരിച്ചത്.

മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.ബി.ഗണേശ് കുമാര്‍, .ജെ.ചിഞ്ചു റാണി, വി.എന്‍.വാസവന്‍, വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്‍, പി.രാജീവ്, ആര്‍.ബിന്ദു, എം.ബിരാജേഷ്,എ.കെ.ശശീന്ദ്രന്‍, വി.അബ്ദുറഹാമാന്‍, ഒ.ആര്‍.കേളു, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ മന്ത്രിമാരാണ് തിരഞ്ഞെടുപ്പില്‍പരാജയപ്പെട്ടത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെയുള്ള ജില്ലകളിലെ ഈ തോല്‍വി എന്താണ് അര്‍ഥമാക്കുന്നതെന്ന ചോദ്യം സിപിഎമ്മിനും എല്‍ഡിഎഫിനും മുന്നില്‍ ഭീമാകാരമായി ഉയര്‍ന്നു നില്‍ക്കുകയാണ്.


Manorama News 7 hours ago
Home Flash News