കടകംപള്ളിയെ അട്ടിമറിച്ച് വി മുരളീധരന്‍; ജയം 428 വോട്ടിന്, എന്‍ഡിഎക്ക് 3 സീറ്റ്
സംസ്ഥാനത്ത് യുഡിഎഫ് തരംഗത്തിനിടയിലും എന്‍ഡിഎക്ക് മൂന്ന് സീറ്റുകളില്‍ വിജയം. കഴക്കൂട്ടത്ത് അവസാന ലാപ്പില്‍ സിപിഎമ്മിന്‍റെ കടകംപള്ളി സുരേന്ദ്രനെ മലര്‍ത്തിയടിച്ച്, വി മുരളീധരന്‍ 428 വോട്ടിനാണ് വിജയിച്ചു കയറിയത്. നേമത്ത് വി ശിവന്‍കുട്ടിയെ തോല്‍പ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും, ചാത്തത്തൂരില്‍ സിപിഐ സ്ഥാനാര്‍ഥി ആര്‍ രാജേന്ദ്രനെ തോല്‍പ്പിച്ച് ബിജെപിയുടെ ബിബി ഗോപകുമാറുമാണ് ജയിച്ചു കയറിയത്. നിലവില്‍ 103 സീറ്റുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നത്. ഹരിപ്പാട് രമേശ് ചെന്നിത്തല, ആലത്തൂര്‍ ടി.എം. ശശി, തൃശൂരില്‍ രാജന്‍ പല്ലന്‍, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍, പാലായില്‍ മാണി സി.കാപ്പന്‍, നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത്, തിരുവമ്പാടിയില്‍ സി.കെ.കാസിം, ചേലക്കരയില്‍ യു.ആര്‍.പ്രദീപ് എന്നിവര്‍ ജയിച്ചതായി തിരഞ്ഞെടുപ്പന്‍ കമ്മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23377 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ചെന്നിത്തല ജയിച്ചുകയറിയത്.
26803 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്‍റെ ആലങ്കോട് ലീലാകൃഷ്ണനെ രാജന്‍ പല്ലന്‍ പരാജയപ്പെടുത്തിയത്. 54851 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ജയിച്ചത്. ഇത്തവണത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. 52907 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയത്. രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷമാണിത്. ആലത്തൂരില്‍ 8553 വോട്ടുകള്‍ക്കാണ് കെ.എം. ഫെബിനെ ടി.എം.ശശി തോല്‍പ്പിച്ചത്. 6741 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലിന്‍റോ ജോസഫിനെതിരെ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി കാസിം നേടിയത്. കല്‍പ്പറ്റയില്‍ ടി.സിദ്ദിഖ്, കൊടുങ്ങല്ലൂരില്‍ ഒ.ജെ.ജനീഷ്, അമ്പലപ്പുഴയില്‍ ജി.സുധാകരന്‍, പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ജയം ഉറപ്പിച്ചു. 29386 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ചേലക്കരയില്‍ യു.ആര്‍.പ്രദീപിന്‍റെ ജയം.