Select Location
All Locations
State
Region
City / District
ക്ലാസിനിടെ ‘സർപ്രൈസ്’ സന്ദർശനം; ആവേശമായി റാസൽഖൈമ ഭരണാധികാരി, വൈറല്‍

ക്ലാസിനിടെ ‘സർപ്രൈസ്’ സന്ദർശനം; ആവേശമായി റാസൽഖൈമ ഭരണാധികാരി, വൈറല്‍

റാസൽഖൈമ∙ അധ്യയനവർഷത്തിന്റെ തിരക്കുകളിലേക്ക് മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് ആവേശവും കരുതലുമായി റാസൽഖൈമ ഭരണാധികാരി നേരിട്ടെത്തി. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി അൽ ഹംറയിലെ റാക് അക്കാദമിയിൽ നടത്തിയ സന്ദർശനം ഭരണാധികാരിയും കുരുന്നുകളും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ നേർക്കാഴ്ചയായി. ഔദ്യോഗിക പദവികളുടെ ഗരിമയില്ലാതെ കുട്ടികൾക്കൊപ്പം ചെലവഴിച്ച ഷെയ്ഖ് സൗദ്, അവരുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഹൃദയപൂർവ്വം കേട്ടു.

∙സ്വപ്നങ്ങൾക്ക് കാതോർത്ത് ഒരു ഭരണാധികാരി ക്ലാസ് മുറികളിലും സ്കൂൾ അങ്കണത്തിലും വിദ്യാർഥികൾക്കൊപ്പം സമയം ചെലവഴിച്ച അദ്ദേഹം അവരുടെ പഠനാനുഭവങ്ങളെക്കുറിച്ചും ഭാവി ലക്ഷ്യങ്ങളെക്കുറിച്ചും നേരിട്ട് ചോദിച്ചറിഞ്ഞു. അറിവിനോടുള്ള കുട്ടികളുടെ ആവേശവും അവരുടെ ശുഭാപ്തിവിശ്വാസവും തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കുട്ടിയുടെയും ഉള്ളിലെ കൗതുകത്തെയും ഉത്സാഹത്തെയും അദ്ദേഹം അഭിനന്ദിച്ചു. വിജ്ഞാനത്തിലധിഷ്ഠിതമായ ഒരു പുരോഗമന സമൂഹം കെട്ടിപ്പടുക്കാനുള്ള റാസൽഖൈമയുടെ വലിയ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഈ കുരുന്നുകളെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

∙അധ്യാപകർക്ക് ആദരം, വിദ്യാഭ്യാസത്തിന് മുൻഗണന വിദ്യാർഥികൾക്ക് മികച്ച പിന്തുണയും സുരക്ഷിതമായ പഠനാന്തരീക്ഷവും ഒരുക്കുന്നതിൽ അധ്യാപകർ കാണിക്കുന്ന അർപ്പണബോധത്തെ ഷെയ്ഖ് സൗദ് പ്രശംസിച്ചു. നാളെയുടെ നേതൃനിരയായി വളരേണ്ടവരാണ് ഈ വിദ്യാർഥികളെന്നും അവരിൽ നിക്ഷേപിക്കുന്നത് രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ഏറ്റവും വലിയ കരുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവതലമുറയെ ശാക്തീകരിക്കുകയും അവരുടെ ലക്ഷ്യങ്ങൾക്കായി പിന്തുണ നൽകുകയും ചെയ്യുന്നത് യുഎഇയുടെ ആഗോളതലത്തിലുള്ള പദവി കൂടുതൽ ശക്തമാക്കുമെന്നും സന്ദർശനവേളയിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ∙മികവിന്റെ പാതയിൽ റാക് അക്കാദമി റാസൽഖൈമയിലെ സ്വകാര്യ സ്കൂളുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന ഇത്തവണത്തെ മൂല്യനിർണയത്തിൽ 'ഔട്ട്സ്റ്റാൻഡിങ്' പദവി സ്വന്തമാക്കിയ റാക് അക്കാദമി അൽ ഹംറ ശാഖയുടെ നേട്ടത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. നിലവിലെ മൂല്യനിർണയ രീതിയിൽ റാസൽഖൈമയിൽ ഈ ഉന്നത പദവി നേടുന്ന ആദ്യ സ്വകാര്യ സ്കൂളെന്ന ചരിത്രനേട്ടമാണ് അക്കാദമി കൈവരിച്ചിരിക്കുന്നത്. വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും നൂതനമായ അധ്യാപന രീതികളുടെയും ഫലമാണിതെന്ന് ഷെയ്ഖ് സൗദ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയിൽ റാസൽഖൈമ കൈവരിക്കുന്ന വലിയ മുന്നേറ്റത്തിന്റെ സാക്ഷ്യപത്രമാണ് ഇത്തരത്തിലുള്ള അംഗീകാരങ്ങളെന്നും അദ്ദേഹം പറഞ്ഞു.


Manorama News 1 hour ago
Home Flash News