ബെംഗളൂരുവിൽ പെയ്‌ഡ് പാർക്കിംഗ് സംവിധാനം വൈകുന്നു; പ്രതിഷേധവുമായി നഗരവാസികൾ, എപ്പോൾ വരും?
ബെംഗളൂരു: നഗരത്തിലെ ഇരുചക്ര, നാല് ചക്ര വാഹനങ്ങൾക്ക് മതിയായ പാർക്കിംഗ് സൗകര്യങ്ങളുടെ അഭാവം ദീർഘകാലമായി നേരിടുന്ന പ്രശ്‌നമാണ്. അലക്ഷ്യമായ റോഡ് സൈഡ് പാർക്കിംഗ് കാൽനട, വാഹന ഗതാഗതം തടസപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്. ഇപ്പോഴിതാ നേരത്തെ ഇതുമായി ബന്ധപ്പെട്ട ജിബിഎ പ്രഖ്യാപിച്ച പദ്ധതി വൈകുന്നതിൽ നഗരവാസികൾ കാര്യമായ ആശങ്ക പങ്കുവയ്ക്കുകയാണ്.
പൈലറ്റ് പദ്ധതി നടപ്പിക്കിയെങ്കിലും നഗരം ഒട്ടാകെ വ്യാപിക്കുന്നത് വൈകുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. നേരത്ത എംജി റോഡിൽ 2025 സെപ്റ്റംബറിലാണ് പേ-ആൻഡ്-പാർക്ക് സംവിധാനം തിരിച്ചെത്തിയത്. മായോ ഹാൾ മുതൽ എൽഐസി കെട്ടിടം വരെയുള്ള റോഡരികുകൾ പാർക്കിംഗിന് ഉപയോഗിച്ചു. സ്വകാര്യ കരാറുകാരൻ നിയോഗിക്കുന്ന അഞ്ചോളം പേരാണ് ഫീസ് പിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 15 രൂപയും കാറുകൾക്ക് 30 രൂപയുമാണ് ഇവിടെ നിരക്ക്. പൈലറ്റ് സംരംഭമായി ഇതിനെക്കണ്ട്, ജിബിഎ ഡയറക്‌ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ടുമായി ചേർന്ന് ഈ സംവിധാനം നഗരമെങ്ങും വ്യാപിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇതിന്റെ നടപടികൾ വൈകുകയാണ്.
എന്നാൽ പുതിയ പെയ്‌ഡ് പാർക്കിങ് സംവിധാനം ഉടൻ നിലവിൽ വരുമെന്നാണ് അധികൃതർ പറയുന്നത്. തിരഞ്ഞെടുത്ത റോഡുകളിൽ മണിക്കൂർ അടിസ്ഥാനത്തിൽ പാർക്കിങ് ഫീസ് ഈടാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ്, ഹെബ്ബാൾ, യെലഹങ്ക തുടങ്ങിയ പ്രധാന മേഖലകളിൽ ഈ നിരക്കുകൾ ബാധകമാകും.
കാറുകൾക്ക് മണിക്കൂറിന് 30 രൂപ വരെയും ഇരുചക്ര വാഹനങ്ങൾക്ക് 15 രൂപയും ഈടാക്കും.
നിരക്കുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
മണിക്കൂർ നിരക്കുകൾക്ക് പുറമെ, ദൈനംദിന, പ്രതിമാസ പാർക്കിങ് പാസുകളും അധികൃതർ അനുവദിച്ചിട്ടുണ്ട്. നാലുചക്ര വാഹനങ്ങൾക്ക് ഒരു ദിവസത്തെ പാസിന് 150 രൂപയാണ്. ഇരുചക്ര വാഹനങ്ങൾക്ക് ഇത് 75 രൂപയായിരിക്കും. പ്രതിമാസ പാസുകൾക്ക് കാറുകൾക്ക് 3,000 രൂപയും, ഇരുചക്ര വാഹനങ്ങൾക്ക് 1,500 രൂപയും നിശ്ചയിച്ചിട്ടുണ്ട്. ഇതുവഴി സ്ഥിരമായി പാർക്ക് ചെയ്യുന്നവർക്ക് എളുപ്പത്തിൽ പാസുകൾ സ്വന്തമാക്കാം