വെടിനിർത്തൽ കാലാവധി തീരാൻ ദിവസങ്ങൾ,വൻ സൈനിക വിന്യാസം; അത്യാധുനിക യുദ്ധക്കപ്പലുകളും വിമാനങ്ങളും സജ്ജം, തിരിച്ചടിക്കുമെന്ന് ഇറാൻ
ഇറാനുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾക്കിടെ മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ അമേരിക്ക തീരുമാനിച്ചു. നിലവിലെ രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി ഏപ്രിൽ 22ന് അവസാനിക്കാനിരിക്കെയാണ് പെന്റഗണിന്റെ ഈ നിർണ്ണായക നീക്കം. ഇതോടെ മേഖലയിൽ ഇറാനെതിരെ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സൈനികരുടെ എണ്ണം 50,000 കടക്കും.
'യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്' എന്ന വിമാനവാഹിനിക്കപ്പലിലെ 6,000 സൈനികരും, 'ബോക്സർ ആംഫിബിയസ് റെഡി ഗ്രൂപ്പിലെ' 4,200 നാവികരും മറീനുകളും ഈ മാസം അവസാനത്തോടെ മേഖലയിൽ എത്തും. ഇതിനുപുറമെ 11-ാം മറീൻ എക്സ്പെഡിഷണറി യൂണിറ്റും യുദ്ധസജ്ജമായി എത്തുന്നതോടെ പേർഷ്യൻ ഗൾഫ് മേഖലയിൽ യുഎസ് സാന്നിധ്യം ശക്തമാകും.
അത്യാധുനിക വിമാനവാഹിനിക്കപ്പലുകൾ, ഡിസ്ട്രോയറുകൾ, ലോകത്തെ വിറപ്പിക്കുന്ന യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെ വൻ സന്നാഹമായിരുന്നു 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ (Operation Epic Fury) ഭാഗമായി മേഖലയിൽ എത്തിച്ചിരുന്നത്. കടലിലെ കരുത്തായി വിമാനവാഹിനിക്കപ്പലുകൾ രണ്ട് കൂറ്റൻ വിമാനവാഹിനിക്കപ്പലുകളാണ് നിലവിൽ മേഖലയിലെ അമേരിക്കൻ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്:
യുഎസ്എസ് എബ്രഹാം ലിങ്കൺ (USS Abraham Lincoln): അറേബ്യൻ കടലിൽ നിലയുറപ്പിച്ചിരിക്കുന്ന ഈ കപ്പലിന് അകമ്പടിയായി നാല് ആർലി ബർക്ക് ക്ലാസ് ഡിസ്ട്രോയറുകളാണുള്ളത് (യുഎസ്എസ് സ്പ്രൂവൻസ്, യുഎസ്എസ് മൈക്കൽ മർഫി, യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സൺ ജൂനിയർ, യുഎസ്എസ് പിങ്ക്നി).
യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് (USS Gerald R. Ford): ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണിത്. യുഎസ്എസ് മഹാൻ, യുഎസ്എസ് വിൻസ്റ്റൺ എസ്. ചർച്ചിൽ, യുഎസ്എസ് ബെയ്ൻബ്രിഡ്ജ് എന്നീ ഡിസ്ട്രോയറുകൾക്കൊപ്പമാണ് ഈ കരുത്തൻ മേഖലയിലുള്ളത്.