Select Location
All Locations
State
Region
City / District
അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

ചെന്നൈ: ചെന്നൈ ടി. നഗറിൽ മുൻകൂർ അനുമതിയില്ലാതെ റോഡ് ഷോ സംഘടിപ്പിച്ചതിന് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‍ക്കെതിരെ ചെന്നൈ മാമ്പലം പോലീസ് കേസെടുത്തു. വിജയ്‍യെ കൂടാതെ പാർട്ടിയുടെ ജനറൽ സെക്രട്ടറി എൻ. ആനന്ദ് (ബുസ്സി ആനന്ദ്), ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുനു എന്നിവർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നടപടി. ഏപ്രിൽ 16 വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നിശ്ചിത വേദിയിൽ മാത്രം പരിപാടി നടത്താനായിരുന്നു അധികൃതർ അനുമതി നൽകിയിരുന്നത്. എന്നാൽ ഇത് ലംഘിച്ചുകൊണ്ട് ടി. നഗർ, തൗസൻഡ് ലൈറ്റ്‌സ്, എഗ്മൂർ തുടങ്ങിയ തിരക്കേറിയ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് വിജയ് റോഡ് ഷോ സംഘടിപ്പിക്കുകയായിരുന്നു. തുറന്ന വാഹനത്തിൽ വിജയ് എത്തിയതോടെ ആയിരക്കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങുകയും ചെന്നൈയിലെ പ്രധാന പാതകളിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസപ്പെടുകയും ചെയ്തു.

റോഡ് ഷോയിലുടനീളം വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ ജെ.സി.ഡി പ്രഭാകർ, രാജ് മോഹൻ എന്നിവരും വിജയ്‍യെ അനുഗമിച്ചിരുന്നു. ടി. നഗറിൽ ആരംഭിച്ച് വള്ളുവർ കോട്ടം കടന്ന് എഗ്മൂർ വരെയായിരുന്നു ഈ പ്രചാരണ യാത്ര നീണ്ടത്. സർക്കാർ ഉത്തരവ് ലംഘിച്ചതിനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 223 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


Janmabhumi 2 hours ago
Home Flash News