Select Location
All Locations
State
Region
City / District
ഇസ്രയേല്‍ 'പിശാച്' , 'മനുഷ്യത്വത്തിന് ശാപ'മെന്ന് പാകിസ്ഥാന്‍; തിരിച്ചടിച്ച് നെതന്യാഹു

ഇസ്രയേല്‍ 'പിശാച്' , 'മനുഷ്യത്വത്തിന് ശാപ'മെന്ന് പാകിസ്ഥാന്‍; തിരിച്ചടിച്ച് നെതന്യാഹു

ഇസ്ലാമാബാദ്: ഇസ്രയേലിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പാകിസ്ഥാന്‍. ഇസ്രയേല്‍ പിശാച് ആണെന്നും മനുഷ്യത്വത്തിന് ശാപമാണെന്നും പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടു. ഇറാന്‍ അമേരിക്ക വെടിനിര്‍ത്തല്‍ കരാറിനിടെയും, ലെബനനു നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ വന്‍ ബോംബ് ആക്രമണങ്ങളെ വിമര്‍ശിച്ചാണ് പാക് മന്ത്രി രംഗത്തു വന്നത്.

'ഇസ്ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോള്‍, ലെബനനില്‍ വംശഹത്യ നടക്കുന്നു. ആദ്യം ഗാസ, പിന്നീട് ഇറാന്‍, ഇപ്പോള്‍ ലെബനന്‍... നിരപരാധികളായ ജനങ്ങളെ ഇസ്രയേല്‍ കൊന്നൊടുക്കുകയാണ്. രക്തച്ചൊരിച്ചില്‍ ശമിക്കാതെ തുടരുന്നു. യൂറോപ്യന്‍ ജൂതന്മാരെ ഒഴിവാക്കാന്‍ പലസ്തീന്‍ മണ്ണില്‍ അര്‍ബുദം പോലുള്ള ഈ രാജ്യം സൃഷ്ടിച്ചവര്‍ നരകാഗ്‌നിയില്‍ എരിയട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.' എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഖ്വാജ ആസിഫ് കുറിച്ചു.

പാകിസ്ഥാന്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവനയെ കടന്നാക്രമിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇസ്രയേലിനെ ഉന്മൂലനം ചെയ്യണമെന്ന പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം 'അതിക്രമപരം' എന്ന് നെതന്യാഹു പറഞ്ഞു. ഒരു സര്‍ക്കാരില്‍ നിന്നും, പ്രത്യേകിച്ച് സമാധാനത്തിനായുള്ള നിഷ്പക്ഷ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാരില്‍ നിന്നും, ഇത് സഹിക്കാവുന്ന ഒരു പ്രസ്താവനയല്ല. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

പാകിസ്ഥാന്‍ ഭരണനേതൃത്വത്തെ വിമര്‍ശിച്ച് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാറും രംഗത്തുവന്നു. ഔപചാരിക ബന്ധം നിലനിര്‍ത്താത്ത രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള അപൂര്‍വമായ നേരിട്ടുള്ള നയതന്ത്ര ഏറ്റുമുട്ടലായിട്ടാണ് ഗിഡിയന്‍ സാര്‍ ആസിഫിന്റെ പ്രസ്താവനയെ വിശേഷിപ്പിച്ചത്. പരസ്യമായ ജൂതവിരുദ്ധതയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇസ്രായേലിനെ 'അര്‍ബുദം' എന്ന് മുദ്രകുത്തുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ നാശത്തിനാണ് ആഹ്വാനം ചെയ്യുന്നത്. രാജ്യത്തെ നശിപ്പിക്കാന്‍ പ്രതിജ്ഞ ചെയ്ത ഭീകരരില്‍ നിന്ന് സ്വയം പ്രതിരോധിക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി പറഞ്ഞു.


Smacy News 19 days ago
Home Flash News