എന്റെ കൂടെ ലാലിന്റെ മാനേജർ, ലാലിനൊപ്പം എന്റെ മാനേജർ; പേട്രിയറ്റ് സെറ്റിലെ അപൂർവ്വ സൗഹൃദം വെളിപ്പെടുത്തി മമ്മൂട്ടി
"ആദ്യ ദിവസം എന്റെ കൂടെയുണ്ടായിരുന്നത് എന്റെ മാനേജറല്ല, ലാലിന്റെ മാനേജറായിരുന്നു. കാരണം എന്റെ മാനേജർ ശ്രീലങ്കയിൽ ലാലിന്റെ കാര്യങ്ങൾ നോക്കുകയായിരുന്നു. അങ്ങനെയൊക്കെയാണ് ഞങ്ങളുടെ രീതി"
മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മോഹൻലാലുമായുള്ള സഹോദരതുല്യമായ ബന്ധത്തെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വർഷങ്ങൾക്ക് ശേഷം മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ എന്തെങ്കിലും മാറ്റം തോന്നിയോ എന്ന ചോദ്യത്തിന്: "ഷൂട്ടിംഗ് വളരെ സാധാരണമായിരുന്നു, പ്രത്യേകിച്ചൊന്നുമില്ല. ശ്രീലങ്കയിലായിരുന്നു ആദ്യ ഷോട്ട്. ഞങ്ങൾ തമ്മിൽ നേരത്തെ തന്നെ ആ ഒരു താളമുണ്ട്. ഞങ്ങളുടെ തോളിൽ ഒരിക്കലും സൂപ്പർതാര പദവി ഭാരമായി ഉണ്ടായിരുന്നില്ല. ഞങ്ങൾ സാധാരണ മനുഷ്യരാണ്, സുഹൃത്തുക്കളാണ്, ഒരുപക്ഷേ അതിനേക്കാൾ അടുത്ത ബന്ധമുള്ളവരാണ്. അവൻ വരുന്നു, ഞാൻ വരുന്നു, എനിക്ക് അത് വേണം, അവന് ഇത് വേണം എന്നിങ്ങനെയുള്ള വാശികളൊന്നും ഞങ്ങളുടെ ഇടയിലില്ല," 'ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു.
തങ്ങൾക്കിടയിലെ സൗഹൃദം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്ന ഒരു കാര്യവും അഭിമുഖത്തിൽ മമ്മൂട്ടി പങ്കുവെച്ചു. "ആദ്യ ദിവസം എന്റെ കൂടെയുണ്ടായിരുന്നത് എന്റെ മാനേജറല്ല, ലാലിന്റെ മാനേജറായിരുന്നു. കാരണം എന്റെ മാനേജർ ശ്രീലങ്കയിൽ ലാലിന്റെ കാര്യങ്ങൾ നോക്കുകയായിരുന്നു. അങ്ങനെയൊക്കെയാണ് ഞങ്ങളുടെ രീതി," മമ്മൂട്ടി പറഞ്ഞു. "ലാൽ വളരെ സ്പോണ്ടേനിയസ് ആയ നടനാണ്. ആ നിമിഷത്തിൽ ജീവിക്കുന്ന നടൻ. അഭിനയം എന്നത് ബോധപൂർവ്വമായ ഒന്നാണ്. അഭിനയം അഭിനയമാണ്, അതൊരു ശാസ്ത്രമാണെന്ന് എനിക്ക് പറയാനാകില്ല. ഓരോ നടനും അവരുടേതായ രീതികളുണ്ട്. എനിക്ക് പ്രത്യേക മെത്തേഡുകൾ ഒന്നുമില്ല. എന്റെ സിനിമകളാണ് എന്റെ രീതി. ക്യാമറ ഓൺ ആകുമ്പോൾ ബിപി കൂടും, കട്ട് പറയുമ്പോൾ അത് താഴുകയും ചെയ്യും."