വിവാഹത്തിന് തൊട്ടുമുമ്പ് മണവാട്ടി ഇറങ്ങിപ്പോയ അവസ്ഥയിലായിരുന്നു ഞാൻ: വിഘ്‌നേഷ് ശിവൻ
ചെന്നൈയിൽ നടന്ന 'ലവ് ഇൻഷുറൻസ് കമ്പനി' പ്രീ-റിലീസ് ചടങ്ങിൽ വിഘ്‌നേഷ് ശിവൻ തന്റെ ജീവിതത്തിലെയും കരിയറിലെയും കഠിനമായ നാളുകളെ കുറിച്ച് വികാരാധീനനായി സംസാരിച്ചു. അജിത് കുമാറിനൊപ്പമുള്ള AK62 എന്ന വലിയ പ്രോജക്റ്റ് നഷ്ടമായതിനെക്കുറിച്ച് വിഘ്നേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവാകേണ്ടിയിരുന്ന ചിത്രമായിരുന്നു അതെന്നാണ് വിഘ്നേഷ് പറഞ്ഞത്. ലൈക പ്രൊഡക്ഷൻസ് നിർമ്മിക്കേണ്ടിയിരുന്ന ആ ചിത്രം പിന്നീട് മഗിഴ് തിരുമേനിയുടേതായി മാറുകയും 'വിടാ മുയർച്ചി' എന്ന പേരിൽ പുറത്തിറങ്ങുകയുമായിരുന്നു.
"വിവാഹത്തിന് തൊട്ടുമുമ്പ് മണവാട്ടി ഇറങ്ങിപ്പോയ അവസ്ഥയിലായിരുന്നു ഞാൻ. ആ സിനിമ പോയതോടെ ബജറ്റ് കുറഞ്ഞ ചിത്രങ്ങൾ ചെയ്യാൻ പലരും ഉപദേശിച്ചു. എന്നെ എഴുതിത്തള്ളിയവർക്കുള്ള മറുപടിയാണ് ഈ ചിത്രം. ഏപ്രിൽ 10-ന് എന്റെ സ്വപ്നങ്ങളെല്ലാം സ്ക്രീനിൽ തെളിയും," വിഘ്‌നേഷ് പറഞ്ഞു.
വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' സയൻസ് ഫിക്ഷൻ റൊമാന്റിക് കോമഡി ചിത്രത്തിൽ പ്രദീപ് രംഗനാഥൻ, കൃതി ഷെട്ടി, എസ്.ജെ. സൂര്യ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രം ഏപ്രിൽ 10-ന് ലോകമെമ്പാടും റിലീസ് ചെയ്യും.