Select Location
All Locations
State
Region
City / District
#വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ച് ഓശാന ഞായര്‍ ആചരിച്ച് ക്രൈസ്തവര്‍

വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ച് ഓശാന ഞായര്‍ ആചരിച്ച് ക്രൈസ്തവര്‍

വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടന്നു.

പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി യേശുക്രിസ്തുവിന്റെ ജറുസേലം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായര്‍ ആചരണം. ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോട്ടയം പാമ്പാടി മാർ കുറിയാക്കോസ് ദയറയിൽ ഓശാന ഞായർ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. രാഷ്ട്രീയ പാർട്ടികൾ മതത്തിന്റെയും ജാതിയുടെയും പേരിൽ സ്ഥാനാർഥികളെ നിർണയിക്കുന്നതായി കാതോലിക്കാ ബാവാ പറഞ്ഞു.

യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ കോട്ടയം പൊൻപള്ളി സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ശുശ്രൂഷകള്‍ക്ക് മുഖ്യകാർമികത്വം വഹിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലെ തിരുക്കര്‍മങ്ങള്‍ക്ക് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റഫേൽ തട്ടിൽ മുഖ്യകാര്‍മികത്വം വഹിച്ചു. എറണാകുളം സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിലും, സഹായ മെത്രാൻ ഡോ.ആൻറണി വാലുങ്കലും നേതൃത്വം നൽകി. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ സിറോ മലങ്കര സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യകാര്‍മികനായി. തിരുവനന്തപുരം പാളയം പള്ളിയിൽ ലത്തീൻ സഭ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ മുഖ്യകാര്‍മികത്വം വഹിച്ചു. ചെങ്ങന്നൂര്‍ പുലിയൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിലെ ചടങ്ങുകള്‍ക്ക് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നേതൃത്വം നൽകി.

പരുമല പള്ളിയിൽ ഓർത്തഡോക്സ് സഭ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് തിരുക്കര്‍മങ്ങള്‍ക്ക് ‌നേതൃത്വം നൽകി. പ്രസിദ്ധ തീർഥാടനകേന്ദ്രമായ ചേർത്തല തങ്കി പള്ളിയിൽ ചടങ്ങുകൾക്ക് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ മുഖ്യകാർമികത്വം വഹിച്ചു.


Manorama News 1 month ago
Home Flash News