മെറ്റയെ ‘കുടുക്കി’യത് ആ രഹസ്യ അന്വേഷണം; കൗമാരക്കാരെ ചൂഷണം ചെയ്തു, 56 കോടി പിഴയിട്ട് കോടതി
സോഷ്യൽ മീഡിയ ആപ്പുകളുടെ അമിത ഉപയോഗം മൂലം യുവതലമുറ നേരിടുന്ന മാനസികാരോഗ്യ പ്രതിസന്ധിയിൽ സിലിക്കൺ വാലിയിലെ വമ്പൻ കമ്പനികൾക്ക് കനത്ത തിരിച്ചടി. ചെറുപ്പത്തിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചതിനെത്തുടർന്ന് വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും ഇരയായ യുവതി നൽകിയ കേസിൽ, മെറ്റയും ഗൂഗിളും കുറ്റക്കാരാണെന്ന് കലിഫോർണിയയിലെ ജൂറി കണ്ടെത്തി.
പരാതിക്കാരിയായ സ്ത്രീക്ക് 6 മില്യൻ ഡോളർ (ഏകദേശം 56 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. മൊത്തം തുകയുടെ 70 ശതമാനം മെറ്റയും ബാക്കി ഗൂഗിളും നൽകണം. 'കമ്പനികളുടെ ഭീമമായ ആസ്തിയുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടപരിഹാര തുക തുച്ഛമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
'ഉള്ളടക്കമല്ല, രൂപകൽപനയാണ് പ്രശ്നം'
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഉള്ളടക്കത്തേക്കാൾ, ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയെയാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. കുട്ടികളുടെയും കൗമാരക്കാരുടെയും തലച്ചോറിനെ ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം 'ആസക്തി' ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യൂട്യൂബും രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി. സോഷ്യൽ മീഡിയ ആപ്പുകളെ ഒരു 'ഡിഫെക്ടീവ് ഉൽപന്നമായി' കോടതി കണക്കാക്കുന്നത് ഇതാദ്യമാണ്.
വിധിയിൽ സന്തോഷമുണ്ടെന്ന് ജൂറി അംഗങ്ങൾ വ്യക്തമാക്കി.
"ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്ന് കമ്പനികള്‍ക്ക് മനസ്സിലാക്കി കൊടുക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്," ജൂറി അംഗമായ വിക്ടോറിയ പറഞ്ഞു. എന്നാൽ, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റയും ഗൂഗിളും അറിയിച്ചു. 'കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണമായ ഒന്നാണ്. അതിനെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാവില്ല', എന്ന് മെറ്റ വ്യക്തമാക്കി. 'യൂട്യൂബ് ഒരു സോഷ്യൽ മീഡിയ സൈറ്റല്ല, മറിച്ച് ഉത്തരവാദിത്തത്തോടെ നിർമിച്ച ഒരു സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ്. ഈ കേസിൽ യൂട്യൂബിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത് എന്നും ഗൂഗിൽ പറഞ്ഞു.