'ഇറാനോട് അത്ര സ്നേഹമെങ്കിൽ അങ്ങോട്ട് പോകൂ'; ഷിയാ പണ്ഡിതരോട് പാക് സൈനിക മേധാവി
ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സൈനിക മേധാവി ഏകപക്ഷീയമായി സംസാരിക്കുകയായിരുന്നുവെന്ന് പണ്ഡിതർ ആരോപിക്കുന്നു
ഇസ്ലാമാബാദ്: പാകിസ്ഥാൻ സൈനിക മേധാവി ജനറൽ സയ്യിദ് അസീം മുനീർ ഷിയാ മതപണ്ഡിതരോട് നടത്തിയ വിവാദ പരാമർശം ചർച്ചയാകുന്നു. അസീം മുനീർ മാർച്ച് 19-ന് നടന്ന ഇഫ്താർ വിരുന്നിനിടെ പണ്ഡിതരോട് മോശമായി സംസാരിച്ചുവെന്നും അവഹേളിച്ചെന്നുമാണ് ആരോപണം.
കൂടിക്കാഴ്ചയിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, "നിങ്ങൾക്ക് ഇറാനോട് ഇത്രയധികം സ്നേഹമാണെങ്കിൽ എന്തുകൊണ്ട് അങ്ങോട്ട് പോയിക്കൂടാ? ജിന്നയും ഒരു ഷിയാ ആയിരുന്നു എന്ന് ഓർക്കണം" എന്നാണ് അസീം മുനീർ പറഞ്ഞത്. ഇറാനും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സൈനിക മേധാവിയുടെ പരാമർശം.
ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സൈനിക മേധാവി ഏകപക്ഷീയമായി സംസാരിക്കുകയായിരുന്നുവെന്ന് പണ്ഡിതർ ആരോപിക്കുന്നു. മറുപടി പറയാനോ ആശങ്കകൾ അറിയിക്കാനോ പണ്ഡിതർക്ക് അവസരം നൽകിയില്ല. ചർച്ചയ്ക്ക് ശ്രമിച്ച പണ്ഡിതരെ അവഗണിച്ച സൈനിക മേധാവി, ഇഫ്താറിന് ശേഷം സംസാരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ആരെയും കാണാതെ മടങ്ങുകയായിരുന്നു.
ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് ഉണ്ടായതെന്ന് മൗലാന ഹസ്നൈൻ അബ്ബാസ് ഗർദേസി വിമർശിച്ചു. ചർച്ചയ്ക്കായി പലതവണ ശ്രമിച്ചിട്ടും സൈനിക മേധാവി വഴങ്ങിയില്ലെന്ന് യോഗത്തിൽ പങ്കെടുത്ത അല്ലാമ നസീർ അബ്ബാസ് തഖ്‌വി പറഞ്ഞു.