സന്ദർശകർ കൂട്ടമായി എത്തി; മിറക്കിൾ ഗാർഡൻ പൂട്ടി
ദുബായ് ∙ സന്ദർശകരുടെ തിരക്ക് കൂടിയതോടെ ദുബായ് മിറക്കിൾ ഗാർഡൻ താൽക്കാലികമായി പൂട്ടി. പശ്ചിമേഷ്യൻ സംഘർഷത്തിനു പിന്നാലെ മിറക്കിൾ ഗാർഡിനിലേക്കുള്ള പ്രവേശനം സൗജന്യമാക്കിയിരുന്നു. ഇതോടെ, ഇവിടേക്കു സന്ദർശകരുടെ ഒഴുക്കായി. പെരുന്നാൾ അവധി കൂടി തുടങ്ങിയതോടെ തിരക്ക് നിയന്ത്രണാതീതമായി. ഗാർഡൻ ഗേറ്റിലെ ക്യു പുറത്തേക്കും പാർക്കിങ്ങിലേക്കും നീണ്ടു.
സന്ദർശകരുടെ സുരക്ഷയും സൗകര്യവും മാനിച്ചാണ് ഗാർഡൻ താൽക്കാലികമായി അടയ്ക്കാൻ തീരുമാനിച്ചത്. ഈ മാസം 31 വരെയാണു ഗാർഡനിലേക്കുള്ള പ്രവേശനം സൗജന്യമാക്കിയിരുന്നത്.
എമിറേറ്റ്സ് ഐഡി മാത്രം കാണിച്ചാൽ, സൗജന്യമായി പ്രവേശിക്കാമായിരുന്നു. എന്നാൽ, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ആളുകൾ എത്തിയതോടെ എല്ലാ മുന്നൊരുക്കങ്ങളും തകിടം മറിഞ്ഞു. ഇന്നു സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം സൗജന്യ പ്രവേശനം തുടരണോ എന്നു തീരുമാനിക്കും.